കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തരൂരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മല്‍സര രംഗത്തുണ്ടാവുക. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിങ് മല്‍സര രംഗത്തുനിന്ന് പിന്‍മാറി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായാണ് കണക്കാക്കുന്നത്.
കോണ്‍ഗ്രസിന്റെ 'ഒരാള്‍, ഒരു പദവി' എന്ന നിയമത്തിന് അനുസൃതമായി ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ശശി തരൂര്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഖാര്‍ഗെ താമസിയാതെ പത്രിക സമര്‍പ്പിക്കും. മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.
ഇന്നലെ നാമനിര്‍ദേശ പത്രിക വാങ്ങിയ ദിഗ്‌വിജയ സിങ് ഇന്ന് രാവിലെ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.
രാത്രി വൈകി നടന്ന യോഗത്തിനു ശേഷം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെസി വേണുഗോപാലാണ് ഖാര്‍ഗെയെ മത്സരിപ്പിക്കാന്‍ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിച്ചത്.