വീടുകളില്‍ പുല്‍കൃഷി വ്യാപകമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീരകര്‍ഷകര്‍ക്കായി കോള്‍ സെന്റര്‍ സംവിധാനം ഒരുക്കും.

Update: 2022-12-29 14:07 GMT

കോഴിക്കോട്: കന്നുകാലികള്‍ക്കായി വീടുകളില്‍ പുല്‍കൃഷി വ്യാപകമാക്കണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നന്മണ്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ക്ഷീര കര്‍ഷകര്‍ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ഫീഡുകളാണ് ഉപയോഗിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാന്‍ വീടുകളില്‍ പുല്‍കൃഷി വ്യാപിപ്പിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പുല്‍കൃഷി കര്‍ഷകര്‍ക്ക് ഒരു ഏക്കറിന് 16000 രൂപ സബ്‌സിഡി ഉള്‍പ്പെടെ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ അറിയിക്കാനായി കോള്‍ സെന്റര്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്കായി ക്ഷീര വികസന വകുപ്പ് 28 കോടി രൂപ ഇന്‍സെന്റീവായി മാറ്റിവെച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും ഫണ്ടുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഫണ്ടുകള്‍ വരുന്നുമുറയ്ക്ക് അതാത് ക്ഷീര വികസന ഓഫീസുകള്‍ വഴി അടുത്തമാസം വരെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഈ തുകകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.

പാലിന് വില വര്‍ദ്ധിപ്പിക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പണം കര്‍ഷകര്‍ക്ക് കിട്ടണമെന്നാണ് ഗവണ്‍മെന്റ് മില്‍മയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി നടപ്പാക്കിക്കൊണ്ട് അഞ്ച് രൂപ മൂന്ന് പൈസയും കര്‍ഷകര്‍ക്കാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകര്‍ഷകരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാഹനങ്ങള്‍ നല്‍കും. ഒരു നൈറ്റ് ഡോക്ടര്‍, ഒരു െ്രെഡവര്‍ കം അറ്റെന്‍ഡര്‍ എന്നിവര്‍ വാഹനത്തില്‍ ഉണ്ടായിരിക്കും. ഇതിനായി െ്രെഡവര്‍ കം അറ്റെന്‍ഡര്‍ തസ്തികയിലേക്ക് ആളെ എടുക്കും. സംസ്ഥാനത്ത് 29 വാഹനങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നും ഇവയുടെ ഉദ്ഘാടനം ജനുവരി 5 ന് കേന്ദ്രമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ജില്ലകളില്‍ രണ്ടു വാഹനങ്ങള്‍ വീതം നല്‍കും. ഇടുക്കി ജില്ലയില്‍ മൂന്നു വാഹനങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കന്നുകാലികള്‍ക്കുള്ള ഈ വര്‍ഷത്തെ പുതിയ മരുന്നുകള്‍ ഉടന്‍ ലഭ്യമാകും. മരുന്ന് ലഭ്യമാക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. ആവശ്യമായ മരുന്നുകള്‍ സംബന്ധിച്ച പ്രോജക്ട് വെറ്റിനറി ഡോക്ടര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചാല്‍ ഗവണ്‍മെന്റ് കൂടി കൈകോര്‍ത്ത് പ്രൊജക്ടുകള്‍ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

പശുവിനെ വാങ്ങുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം. കേന്ദ്രവുമായി ആലോചിച്ച് ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ എല്ലാ പശുക്കള്‍ക്കും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ക്ഷീര ഗ്രാമം പദ്ധതി കഴിഞ്ഞവര്‍ഷം വരെ 10 പഞ്ചായത്തുകളിലാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 20 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഓരോ പശുവിനെ വീതം കൊടുക്കുന്ന പദ്ധതി വകുപ്പ് കൊണ്ടുവന്നിട്ടുണ്ട്. പദ്ധതി വിജയപ്രദമാണെങ്കില്‍ അടുത്തവര്‍ഷം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കും.

എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീര ശ്രീ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ കൊടുക്കാനുള്ള സംവിധാനം ഉണ്ട്. ക്ഷീര ക്ഷേമനിധി ബോര്‍ഡ് വഴി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായിരുന്നു.

സംസ്ഥാനത്ത് ക്ഷീരവികസന മേഖല ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ക്ഷീര മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും ക്ഷീരകര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി മാതൃകാപരമായ പ്രവര്‍ത്തനമാണ് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും മികച്ച കര്‍ഷകരെയും ഇന്ത്യയിലെ ക്ഷീരമേഖലയിലെ മികവിന് നല്‍കുന്ന ഗോപാല്‍ രത്‌ന പുരസ്‌ക്കാരത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ച കൊടുവള്ളി ബ്ലോക്കിലെ മൈക്കാവ് ക്ഷീരസംഘത്തെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെസിഎംഎംഎഫ് ചെയര്‍മാന്‍ കെ.എസ് മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മില്‍മ ഭാരവാഹികള്‍, വിവിധ ക്ഷീരസംഘം പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഴകുളം ക്ഷീരസംഘം പ്രസിഡന്റ് പി ശ്രീനിവാസന്‍ മാസ്റ്റര്‍ സ്വാഗതവും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി ആര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ക്ഷീര കര്‍ഷക സെമിനാറില്‍ യാന്‍സി മേരി ഐസക് വിഷയാവതരണം നടത്തി. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഷൈജി കെ.എം മോഡറേറ്ററായിരുന്നു. ജീജ കെ എം , ശ്രീകാന്തി എന്‍ എന്നിവര്‍ സംസാരിച്ചു.

Similar News