അധികൃതരുടെ കെടുകാര്യസ്ഥത; പാഴായത് 10 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം

അഷ്ടമിച്ചിറ-അന്നമനട റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുപ്പ് നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ നാളിതുവരെ അറ്റകുറ്റപണികള്‍ക്ക് ഇരു വകുപ്പുകളും തയാറായിട്ടില്ല

Update: 2021-11-28 15:53 GMT

മാള: നാട് കുടിവെള്ളത്തിനായി കേഴുമ്പോള്‍ അധികൃതരുടെ അനാസ്ഥയില്‍ വിതരണ കുഴലില്‍ നിന്ന് പാഴായത് 10 ലക്ഷം ലിറ്റര്‍ ശുദ്ധജലം. അമ്പഴക്കാട് പള്ളിയുടെ സമീപമാണ് ശുദ്ധജലവിതരണ കുഴലില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വെള്ളം വ്യാപകമായി റോഡിലേക്ക് ഒഴുകിപോകുന്നത്. വൈന്തലയിലെ ശുദ്ധീകരണ ശാലയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പാണിത്. അഷ്ടമിച്ചിറ-അന്നമനട റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുപ്പ് നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍ നാളിതുവരെ അറ്റകുറ്റപണികള്‍ക്ക് ഇരു വകുപ്പുകളും തയാറായിട്ടില്ല. നാട്ടുകാര്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ച് മടുത്തിരിക്കുകയാണ്. ഇടക്കിടക്കു വന്നു നോക്കി പോകുന്നതല്ലാതെ അറ്റകുറ്റപണിക്ക് വകുപ്പ് തയാറാകുന്നില്ല. മിനിറ്റില്‍ ഏകദേശം മൂന്ന് ലിറ്റര്‍ വെള്ളം പാഴാകുന്നുണ്ട്. റോഡ് ഇടിഞ്ഞുപോകാതിരിക്കാന്‍ പ്രദേശവാസി ഒരു പിവിസി കുഴല്‍ സ്ഥാപിച്ചിട്ടുമുണ്ട്. അത്രപോലും അധികൃതര്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. കൊടുങ്ങല്ലൂരില്‍ ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നപ്പോള്‍ പോലും അധികൃതര്‍ പൈപ്പ് പൊട്ടല്‍ പരിഹരിക്കാന്‍ എത്തിയില്ല. ആഴ്ചകള്‍ എത്തുമ്പോഴാണ് കൊടുങ്ങല്ലൂരിലെ വിവിധ മേഖലകളില്‍ വെള്ളം ലഭിക്കുന്നത്. വൈന്തലയില്‍ നിന്നുള്ള ശുദ്ധജല വിതരണ കുഴലുകള്‍ വ്യാപകമായി പൊട്ടുന്നത് പതിവാണ്. എന്നാല്‍ അറ്റകുറ്റപണി ഏറെ താമസിച്ചാണ് ചെയ്യുന്നത്. ആളില്ലെന്ന കാരണമാണ് അധികൃതര്‍ പറയുന്നത്. പൈപ്പ് പൊട്ടി റോഡ് തകരുന്നതും നിത്യസംഭവമാണ്. അറ്റകുറ്റപണികള്‍ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് നേരെയാക്കാതെ പോകുന്നതും ജലഅതോരിറ്റിയുടെ പതിവാണെന്ന് പരക്കേ ആക്ഷേപമുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഇത്തരത്തിലുള്ള അനാസ്ഥകള്‍ അവസാനിപ്പിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

Tags:    

Similar News