മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വന്‍ ദുരന്തം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Update: 2021-08-24 14:37 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ദുരന്തമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുകയാണെന്നും സുപ്രധാന മേഖലകളില്‍ കുത്തകവല്‍ക്കരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രഖ്യാപനം നടന്നതിനു തൊട്ടടുത്ത ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

കഴിഞ്ഞ 70 വര്‍ഷം കൊണ്ട് രാജ്യത്തുണ്ടായ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നാം വിര്‍ക്കുന്നില്ലെന്നും പാട്ടത്തിനു കൊടുക്കുകയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കരാര്‍ സമ്പദ്ഘടനയെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല- രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷമായി ഒന്നും നടന്നില്ലെന്നാണ് അവര്‍പറയുന്നത്. പക്ഷേ, ഇന്നലെ ധനമന്ത്രി ഇന്ത്യ 70 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത എല്ലാം ആസ്തിയും വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അവര്‍ യുപിഎ സര്‍ക്കാര്‍ നിര്‍മിച്ചതൊക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വന്‍ ദുരന്തമാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. 2022-25 കാലയളവിനുള്ളില്‍ 6 ലക്ഷം കോടി രൂപ പൊതുമേഖലയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമം. അതിനുവേണ്ടി റെയില്‍വേ, ഊര്‍ജ്ജം, വ്യോമയാം തുടങ്ങി സുപ്രധാന മേഖലകള്‍ സ്വകാര്യ കോര്‍പറേഷനുകള്‍ക്ക് പാട്ടത്തിന് നല്‍കി പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. പാട്ടവ്യവസ്ഥകള്‍ എങ്ങനെയാണെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News