രണ്ട് വര്‍ഷം കൊണ്ട് മൂവായിരത്തിലധികം യുഎപിഎ കേസുകള്‍; കുറ്റപത്രം നല്‍കിയത് 821ല്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2020-09-18 09:45 GMT

ന്യൂഡല്‍ഹി: 2016-18 കാലത്ത് രാജ്യത്ത് ആകെ ചുമത്തിയത് മൂവായിരത്തിലധികം യുഎപിഎ കേസുകള്‍. എന്നാല്‍ ഇത്രയും എണ്ണത്തില്‍ അന്വേഷണ ഏജന്‍സികള്‍ 821 കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യസഭയില്‍ ബിനോയ് വിശ്വം, ഛായ വര്‍മ, സുക്രം യാദവ് തുടങ്ങിയവരുടെ ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്. ദേശീയ സുരക്ഷാനിയമം, യുഎപിഎ തുടങ്ങിയ കേസുകളില്‍ എത്ര കേസുകള്‍ ചുമത്തി, എത്ര പേര്‍ അറസ്റ്റിലായി, എത്ര കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു തുടങ്ങിയ വിവരങ്ങളാണ് അംഗങ്ങള്‍ ചോദിച്ചത്. യുഎപിഎ, ദേശീയ സുരക്ഷാനിയമം തുടങ്ങിയവ ചുമത്തുന്നതില്‍ സര്‍ക്കാരുകള്‍ തിടുക്കം കൂട്ടുന്നുണ്ടെങ്കിലും അതില്‍ അന്വേഷണം നടത്തുന്നതിലും കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്നതിലും വലിയ വീഴ്ചയാണ് വരുത്തുന്നതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

2018-19 കാലത്തെ വിവരങ്ങള്‍ ഇതുവരെ ശേഖരിച്ചിട്ടില്ലാത്തതുകൊണ്ട് 2016-18 കാലത്തെ വിവരങ്ങളാണ് ആഭ്യന്തരമ മന്ത്രാലയം നല്‍കിയത്. ദേശീയ ക്രൈം റോക്കോഡ് ബ്യൂറോ ആണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. അവരുടെ കണക്കുപ്രകാരം മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ് ദേശീയ സുരക്ഷാനിയമം ഏറ്റവും കൂടുതല്‍ പ്രയോഗിച്ച സംസ്ഥാനങ്ങള്‍.

2017ല്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാനിയമം അനുസരിച്ച് 300 പേരെ കസ്റ്റഡിയിലെടുത്തു, ഇതില്‍ 167 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്, 2018ല്‍ 495 പേരെയും കസ്റ്റഡിയിലെടുത്തു, അതില്‍ 162 പേര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്നു.

അതുപോലെ, യുപിയില്‍ 2017 കാലത്ത് ദേശീയ സുരക്ഷാനിയമം അനുസരിച്ച് 171 പേരെ കസ്റ്റഡിയിലെടുത്തു, അതില്‍ 78 പേര്‍ ഇപ്പോഴും പുറത്തുപോയിട്ടില്ല. 2018ല്‍ 167 പേരെ കസ്റ്റഡിയിലെടുത്തു, അതില്‍ 110 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

2018 ലെ കണക്കനുസരിച്ച് 2017-18ല്‍ ദേശീയ സുരക്ഷാനിയമം പ്രകാരം 563 പേര്‍ തടവിലാക്കപ്പെട്ടു, എല്ലാവരും ഇപ്പോഴും കസ്റ്റഡിയിലാണ്.

2016-18 കാലയളവില്‍ യുഎപിഎ പ്രകാരം രാജ്യത്ത് 3,974 പേരെ അറസ്റ്റ് ചെയ്യുകയും 3,005 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  ഇതില്‍ 821 കുറ്റപത്രങ്ങള്‍ മാത്രമേ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളൂ. 2017, 2018 വര്‍ഷങ്ങളില്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം 92 ഉം 52 ഉം ആണ്, രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് യഥാക്രമം 31 ഉം 10 ഉം ആയി.  

Tags:    

Similar News