കല്‍പ്പറ്റ: കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ ആധുനികവത്കരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച പടിഞ്ഞാറത്തറ എം മുഹമ്മദലി മാസ്റ്റര്‍ (76) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്ഥാപക അംഗവും ആദ്യകാല അറബി അധ്യാപക സംഘടനാ നേതാവുമാണ്. മദ്‌റസാ അധ്യാപകരുടെ തൊഴില്‍ സംഘടനാ രൂപീകരണം, അധ്യാപകര്‍ക്കുള്ള ഇന്‍ സര്‍വീസ് കോഴ്സ്, പാഠപുസ്തക രചനാ ശില്‍പശാലകള്‍ എന്നിവക്ക് നേതൃത്വം നല്‍കി. മതപണ്ഡിതന്മാര്‍ക്കു അധ്യാപന പരിശീലനം എന്ന ആശയം അവതരിപ്പിക്കുകയും വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് കേരളം, കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി നിരവധി അധ്യാപക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
1969ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. വയനാട്ടിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. കല്‍പറ്റ ദാറുല്‍ ഫലാഹ്, മുഅസ്സസ ആര്ട്‌സ് കോളേജ്, അല്‍ഹസന വിമന്‍സ് അക്കാദമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇസ്ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സ്ഥാപക ജനറല്‍ മാനേജര്‍ ആയും കാപ്പുണ്ടിക്കല്‍ മഹല്ല് ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സംഘടിത ഹജ്ജ് ഗ്രൂപ്പില്‍ അമീറായി നേതൃത്വം നല്‍കി. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സ്യുകുട്ടീവ് അംഗം, മുസ്ലിം ജമാഅത്ത് നിര്‍വാഹക സമിതി അംഗം എന്നീ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു. അധ്യാപനം, കുട്ടികളുടെ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പഠന-ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
മുഹമ്മദലി മാസ്റ്ററുടെ നിര്യാണത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്റാഹിം ഖലീല്‍ അല്‍-ബുഖാരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ തുടങ്ങിയവര്‍ അനുശോചിച്ചു.
ഭാര്യ: ആയാര്‍ നഫീസ. മക്കള്‍: സുമയ്യ, ആബിദ്, യാസിര്‍, റഹീമ, ഹാഫിള് സാലിം, സുലൈം, ഫാത്തിമ.
ജാമാതാക്കള്‍: ഹുസൈന്‍ സഖാഫി പന്നൂര്‍, എസ്. അബ്ദുല്ല അഞ്ചാം പീടിക, ശംസുദ്ധീന്‍ സഖാഫി മുത്തങ്ങ, റംല, ആമിന, റബീഅത്ത്, നഈമ, പരേതനായ കൈപ്പാണി സൂപ്പി മുസ്ലിയാര്‍.