മാള: മാള കാര്‍മ്മല്‍ കോളേജില്‍ നാലാംഘട്ട നാക് സന്ദര്‍ശനം നാളെയും മറ്റന്നാളുമായി (ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍) നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് റൂബി ജൂബിലി പ്രഭയോടെ വിളങ്ങുന്ന കോളേജിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനം. കോളേജിന്റെ പാഠ്യപാഠ്യേതര മികവ്, നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവര്‍ത്തനരീതികള്‍, ഗവേഷണ പ്രവര്‍ത്തങ്ങള്‍, മറ്റ് സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥിനികളുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍, അധ്യാപന രീതികള്‍, വിവിധ ക്ലബ്ബുകളുടേയും സെല്ലുകളുടേയും പ്രവര്‍ത്തങ്ങള്‍, ഭരണസംവിധാനം തുടങ്ങിയവ വിലയിരുത്താനാണ് നാക് ടീം സന്ദര്‍ശനം നടത്തുന്നത്.
ആസാം വിമണ്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അജന്ത ബൊര്‍ഗോഹെയ്ന്‍ രാജ് കോണ്‍വാര്‍, ഗുജറാത്ത് സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി മാത്തമാറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. അബ്ദുള്‍ വാഹിദ് ഹസ്മാനി, ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ലിലിയന്‍ ജാസ്പര്‍ എന്നിവരടങ്ങുന്ന സംഘമാണ് നാക് സന്ദര്‍ശനം നടത്തുന്നത്.
2005, 2010, 2015 വര്‍ഷങ്ങളിലായി നടന്ന സന്ദര്‍ശനങ്ങളില്‍ ഉയര്‍ന്ന പോയിന്റോടെ എ ഗ്രേഡ് എന്ന അഭിമാനാര്‍ഹമായ നേട്ടം കോളേജ് കൈവരിച്ചിട്ടുണ്ട്.
കോളേജിന്റെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച റിപോര്‍ട്ട് നാക് സമിതിക്ക് സമര്‍പ്പിച്ചതിന്‍ പ്രകാരമുള്ള വിലയിരുത്തലിന്റെ അവസാനഘട്ടമാണ് വരും ദിവസങ്ങളിലെ നാക് പിയര്‍ ടീം സന്ദര്‍ശനമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.