നെന്‍മേനി, ചിറ്റുണ്ട ഞാറ്റടി നിരത്തല്‍ ഉത്സവം ശനിയും ഞായയും

Update: 2021-03-18 14:23 GMT

മാള: അന്നമനട മേഖല കര്‍ഷക സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെന്‍മേനി ചിറ്റുണ്ട ഞാറ്റടി നിരത്തല്‍ ഉത്സവം ശനിയും ഞായറുമായി നടക്കുമെന്ന് സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വയനാട് അമ്പലവയല്‍ സ്വദേശിയായ അജി തോമസ് 20 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ വികസിപ്പിച്ചെടുത്ത അതിനൂതന നെല്‍കൃഷി രീതി മാള ബ്ലോക്ക് തലത്തില്‍ ആദ്യമായാണ് എടയാറ്റൂര്‍ മണപ്പുറം പാടശേഖരത്തില്‍ നടപ്പാക്കുന്നത്.

ശനിയാഴ്ച രാവിലെ ഒന്‍പതിന് അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഞാറ്റടി നിരത്തല്‍ ഉത്സവം ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ സംബന്ധിക്കും. സാധാരണ നെല്‍കൃഷി ചെയ്യുന്നതിനേക്കാള്‍ വിഭിന്നമായി മണ്ണും അടിവളവുമായി ഒരിഞ്ച് വ്യാസത്തില്‍ ഡൈയിലൊരുക്കുന്ന കട്ടയിലാണ് നെല്‍വിത്ത് പാകുന്നത്. ചെലവില്ലാ കൃഷി രീതിയായ പഞ്ചഗവ്യം ചേര്‍ത്താണ് കൃഷിക്ക് തൈയ്യൊരുക്കുന്നത്.

ഒരാഴ്ച പ്രായമായ തൈകള്‍ ആണ് നടുന്നത്. അതിലൂടെ വിത്ത് വിതച്ച് പറിച്ച് നടുന്നതിലൂടെയുണ്ടാകുന്ന 14 ദിവസത്തെ സ്‌ട്രെസ് ഒഴിവാകും. ഒരേക്കറിലേക്ക് 64,000 ചിറ്റുണ്ടകളാണ് വേണ്ടത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ മൂന്ന് മുതല്‍ അഞ്ച് കിലോഗ്രാം വിത്ത് മാത്രമാണ് വേണ്ടിവരിക. വയനാട്ടില്‍ തയ്യാറാക്കി ചിറ്റുണ്ടകള്‍ പാടത്ത് നിരത്തി കഴിയുമ്പോള്‍ ഏക്കറിന് 7,500 രൂപ മാത്രമാണ് ചിലവാകുക.

നെല്ലിന്റെ പറിച്ചുനടലിലൂടെയുണ്ടാകുന്ന വളര്‍ച്ചക്കുറവില്ലാതാകുന്നത് കൂടാതെ നെല്ലിന്റെ വളര്‍ച്ച ത്വരിതഗതിയിലാകുകയും ചെയ്യും. കീടനാശിനികളുടേയും വളങ്ങളുടേയും അളവ് കുറക്കാമെന്നത് കൂടാതെ കീടശല്ല്യം കുറയുകയും ചെയ്യും.

ഇത്തരത്തില്‍ കൃഷിച്ചെലവ് 40 ശതമാനം വരെ ലാഭിക്കാം. ആറ് ഏക്കറിലാണ് നെന്‍മേനി ചിറ്റുണ്ട, ഞാറ്റടി നിരത്തല്‍ നടത്തുന്നത്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ഏക്കറിലാണ് കൃഷി ചെയ്തതെങ്കില്‍ ഇത്തവണയത് 30 ഏക്കറിലേക്ക് വര്‍ദ്ധിപ്പിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച സംഘം പ്രസിഡന്റ് വി ബി ഷിബു, ഖജാന്‍ജി ടി എന്‍ ദീപക്, കെ കെ പ്രതീപന്‍, വി സി ശ്യാംകുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

Tags:    

Similar News