ജീവജാലങ്ങള്‍ക്കിനി തേക്കിന്‍ കാട്ടില്‍ ദാഹമകറ്റാം; പക്ഷിമൃഗാതികള്‍ക്ക് വെള്ളതൊട്ടികള്‍ സ്ഥാപിച്ചു
തൃശൂര്‍: കുടിനീര്‍ ജീവജലമാകുന്ന ഉരുകുന്ന ചൂടില്‍, തേക്കിന്‍ കാട് മൈതാനിയിലിനി പക്ഷി മൃഗാതികള്‍ക്ക് ദാഹിച്ചു വലയേണ്ട. ദാഹജലമൊരുക്കി കരുതല്‍ തീര്‍ത്തിട്ടുണ്ട് ജില്ലാ ഭരണകൂടം.
കിളികള്‍ക്കായി വെള്ളം നിറച്ച 50 കുടുക്കകളും നാല്‍കാലികള്‍ക്കായി രണ്ട് വെള്ളതൊട്ടിയും ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ 'ഫ്‌ലഡ് ടീം' എന്ന സന്നദ്ധസംഘടന തേക്കിന്‍ കാട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഫയര്‍ ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് ഫ്‌ലഡ് ടീം തേക്കിന്‍ കാട്ടില്‍ ജീവജാലങ്ങള്‍ക്ക് ദാഹജല മൊരുക്കിയത്.
2018 ലെ പ്രളയകാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഫ്‌ലഡ് ടീം. മൂന്ന് വര്‍ഷമായി വേനലില്‍ ഇവര്‍ പക്ഷി മൃഗാതികള്‍ക്ക് ദാഹജലം ഒരുക്കുന്നുണ്ട്. 45 ഓളം അംഗങ്ങള്‍ ഈ സംഘത്തില്‍ ഉണ്ട്.
ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, ഫ്‌ലഡ് ടീം സന്നദ്ധസേന സംഘാടകര്‍ മിജി അനില്‍, ജിത്ത് ലാല്‍, മറ്റ് അംഗങ്ങള്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.