സി വിജില്‍: പരാതികളിലധികവും അനധികൃത ബോര്‍ഡുകള്‍ക്കെതിരെ; ആകെ 338 പരാതികള്‍

Update: 2021-03-15 16:29 GMT

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന തിങ്കളാഴ്ച വരെ 338 പരാതികള്‍ ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിട്ടുള്ളത് കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നാണ്.103 എണ്ണം. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് ലഭിച്ച പരാതികളില്‍ കൂടുതലും. പോസ്റ്ററുകള്‍,കൊടികള്‍, അരങ്ങ് തോരണങ്ങള്‍ ബാനറുകള്‍,റോഡില്‍ ചിഹ്നം വരയ്ക്കല്‍ എന്നിവയ്‌ക്കെതിരെയാണ് മറ്റ് പരാതികള്‍ ലഭിച്ചത്. ആകെ പരാതികളില്‍ 90% വും ഇത്തരത്തിലുള്ളതാണ്. 235 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും സി വിജില്‍ നോഡല്‍ ഓഫീസര്‍ സി എസ് രാജേഷ് അറിയിച്ചു.

പരാതികള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറുകയും ഫ്‌ലൈയിംഗ് സ്‌ക്വാഡ്,ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്,സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്യും.

ലഭിച്ചവയില്‍ 306 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 32 പരാതികള്‍ കഴമ്പില്ലാത്തവയാണെന്നതിനാല്‍ഉപേക്ഷിക്കുകയും ചെയ്തു. പണം,മദ്യം,ലഹരി,പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം,ഭീഷണിപ്പെടുത്തല്‍,മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍,പെയ്ഡ് ന്യൂസ്,വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍,വ്യാജ വാര്‍ത്തകള്‍,അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍,രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍,ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും.

Similar News