പിന്‍വാതില്‍ നിയമന ആരോപണം അടിസ്ഥാനരഹിതം: എംപ്ലോയ്‌മെന്റ് ഓഫിസര്‍

Update: 2021-03-24 11:48 GMT

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയിലേക്ക് സബ്സ്റ്റിറ്റിയൂട്ട് കണ്ടിന്‍ജന്റ് വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ ഒഴിവിലേക്ക് പിന്‍വാതില്‍ നിയമനം നടന്നതായിയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനം നടത്തുകയും പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ചാവക്കാട് എംപ്ലോയ്‌മെന്റ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗത്തുനിന്നും നിയമവിരുദ്ധ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഗുരുവായൂര്‍ നഗരസഭ അറിയിച്ച 20 ഒഴിവുകളില്‍ 19 ഒഴിവുകള്‍ ഈ ലിസ്റ്റില്‍ നിന്നും നികത്തി. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിന് ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ആളെ കണ്ടെത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപടി ക്രമങ്ങളില്‍ യാതൊരു വിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.

Similar News