തൃശൂര്‍: വാഴാനി ഡാമിന്റെ വലതുകര കനാലിലൂടെ വെള്ളം തുറന്നു വിട്ടു തുടങ്ങിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഒമ്പത് ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ഈ മേഖലയിലെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായാണ് നടപടി.
ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് മൂലം പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ പുഴയില്‍ ഇറങ്ങുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വടക്കാഞ്ചേരി പുഴയില്‍ മതിയായ വെള്ളമില്ലാത്തതിനാല്‍ സമീപപ്രദേശങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി പരാതികള്‍ ലഭിച്ചിട്ടുള്ളതിനാലും വടക്കാഞ്ചേരി പുഴയിലൂടെ ജലം തുറന്നു വിടുകയാണെങ്കില്‍ സമീപ പഞ്ചായത്തുകളിലും വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍പ്പെട്ട പുഴയുടെ സമീപ പ്രദേശങ്ങളിലുമുള്ള ജലസ്രോതസ്സുകള്‍ റീച്ചാര്‍ജ് ചെയ്യുന്നത് മൂലം കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാമെന്നും ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിട്ടുണ്ട്.