'മക്കക്ക് കടി ബേണ്ടുവാം ഫോലും ബെള്ളിയില്ല...'; ദയനീയത വിവരിച്ച് ലക്ഷദ്വീപ് സ്വദേശിയുടെ കുറിപ്പ്

Update: 2021-06-06 04:39 GMT

കേന്ദ്ര സര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും ലക്ഷ ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുഹമ്മദ് ഖാസിമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

'നെഞ്ചിനകത്ത് കഠാരകുത്തിയിറക്കുന്നത് പോലെയായിരുന്നു ആ വാക്കുകള്‍. ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു വ്യക്തിയുടെ വാക്കുകളാണ്.അദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി സ്‌പോട്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു..പ്രതിമാസം കിട്ടുന്ന 15000 രൂപയായിരുന്നു ആ കുടുംബത്തിന്റെ വരുമാനം..എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി അദ്ദേഹത്തെ രണ്ട് മാസം മുമ്പ് പിരിച്ചു വിട്ടു. ഭാര്യയും മൂന്നു കുട്ടികളും ഭാര്യയുടെ വയസ്സരായ രണ്ട് ബന്ധുക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ആ 15000. രണ്ട് മാസമായി അതും നിലച്ചു'. മുഹമ്മദ് ഖാസിം ഫേസ്ബുക്കില്‍ കുറിച്ചു.

'കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് അന്നു മുതല്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി ഇവിടെ ലോക്കഡൗണാണ്...കര്‍ഫ്യൂയാണ്...യൊതൊരു തൊഴിലും എടുക്കാന്‍ പറ്റുന്നില്ല ..വരുമാനങ്ങളില്ല...ഉള്ള വരുമാനങ്ങള്‍ പിരിച്ചു വിട്ടതോടെ മുടങ്ങി..അതിനിടയില്‍ ടൗട്ടെ ചുഴലിക്കാറ്റ് വന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടായി..'. ദ്വീപുകാരുടെ ദയനീയ് അവസ്ഥ വിവരിക്കുന്നതാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

നെഞ്ചിനകത്ത് കഠാരകുത്തിയിറക്കുന്നത് പോലെയായിരുന്നു ആ വാക്കുകള്‍. ഇന്നലെ എന്നെ കാണാന്‍ വന്ന ഒരു വ്യക്തിയുടെ വാക്കുകളാണ്.അദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി സ്‌പോട്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു..പ്രതിമാസം കിട്ടുന്ന 15000 രൂപയായിരുന്നു ആ കുടുംബത്തിന്റെ വരുമാനം..എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി അദ്ദേഹത്തെ രണ്ട് മാസം മുമ്പ് പിരിച്ചു വിട്ടു. ഭാര്യയും മൂന്നു കുട്ടികളും ഭാര്യയുടെ വയസ്സരായ രണ്ട് ബന്ധുക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ആ 15000. രണ്ട് മാസമായി അതും നിലച്ചു..ചെറുപ്പത്തിലെ സ്‌പോട്‌സില്‍ ജീവനക്കാരനായി കയറിയത് കൊണ്ട് മറ്റു ജോലികളോന്നും വശമില്ല...ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ട് കഠിനമായി ജോലികള്‍ ചെയ്യാനും പ്രയാസമുണ്ട്..എങ്കിലും എന്തും ചെയ്യാന്‍ ഒരുക്കമാണ്. കാരണം രാവിലെ എണീറ്റ് എന്നും ചായയോടൊപ്പം കടിവേണം എന്ന് പറഞ്ഞ് വാശിപ്പിടിച്ചു കരയുന്ന മക്കളുടെ മുഖം ഏത് ജോലി എടുക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു...പക്ഷേ കോവിഡ് പ്രോട്ടോക്കോളും കര്‍ഫ്യൂവും നിലനില്‍ക്കുന്ന ഇവിടെ എന്ത് ജോലി കിട്ടാനാണ്...? തൊഴില്‍ നഷ്ടപ്പെട്ട ഒരുപാട് പേര്‍ ഈ നാട്ടിലുണ്ട്..അവരൊക്കെ ജോലി തേടി നടക്കുന്നു..കൂട്ടത്തില്‍ താനും...അധ്വാനിക്കാന്‍ പോലും പറ്റാത്ത സാഹചര്യം..എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. റേഷന്‍കിട്ടുന്നത് കൊണ്ട് വീട്ടില്‍ ഇത് വരെ പട്ടിണിയായില്ല...എന്നാല്‍ മറ്റൊന്നും വാങ്ങാനുള്ള നിവൃത്തിയില്ല..ടൗട്ടേയില്‍ വീടിനും അടുക്കളക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് ..മഴവെള്ളം ഉള്ളിലേക്ക് വീഴുന്നുണ്ട്..പക്ഷേ അതൊന്നു ശരിയാക്കി എടുക്കണമെങ്കില്‍ ഷീറ്റ് വാങ്ങണം ..കടി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥയില്‍ എങ്ങനെ ഷീറ്റ് വാങ്ങും ?

അദ്ദേഹത്തിന്റെ വിഷമങ്ങള്‍ എന്നോട് പറയുമ്പോള്‍ ആ കണ്ണുകളിലെ നനവ് ഞാനറിഞ്ഞു..അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും എനിക്ക് പറ്റിയില്ല...

എന്നെ തേടിവന്നത് ഒരു അഭ്യര്‍ത്ഥനയുമായിട്ടാണ്..എങ്ങനെയെങ്കിലും തന്നെ തിരിച്ചെടുപ്പിക്കണം..അതിനു എന്തെങ്കിലും ചെയ്യണം ..അതാണ് ആവശ്യം ..ഞാന്‍ നിസ്സഹായതയൊടെ കൈമലര്‍ത്തി..ഈ അവസ്ഥയില്‍ അപേക്ഷകള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും അധികാരികളുടെ മുമ്പില്‍ ഒരു വിലയുമുണ്ടാവില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം. !!പക്ഷേ സഹായം തേടി എത്തിയ ഒരാളെ എങ്ങനെ മടക്കിയയക്കും ?ഞാനും ധര്‍മ്മസങ്കടത്തിലായി...എന്തായാലും തിങ്കളാഴ്ച ടൂറിസം ഓഫീസിലേക്ക് വിളിച്ചു ഒന്നു സംസാരിക്കാം എന്ന് ഞാന്‍ പറഞ്ഞു..പക്ഷേ എനിക്കറിയാം അതൊരു പ്രഹസനം മാത്രമാണെന്ന്..വേറെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയില്ല..തല്‍ക്കാലികമായി അല്പം രൂപ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ വാങ്ങാന്‍ മടിച്ചു. താന്‍ പൈസക്ക് വന്നതല്ല, തന്നേ തിരിച്ചെടുപ്പിച്ചാല്‍ മാത്രം മതിയെന്ന് പറഞ്ഞു..

ഞാന്‍ പഠിപ്പിച്ചതാണ് അദ്ദേഹത്തിന്റേ രണ്ട് മക്കളെയും..അത്‌കൊണ്ടാവാം വാങ്ങാന്‍ മടിച്ചത്..നിസ്സാഹായതയിലും അഭിമാനം കളങ്കപ്പെടുത്താന്‍ ഒരുമടി..സ്വഭാവികം !!

ഒരുവിധം ആശ്വാസിപ്പിച്ചു തിരിച്ചയച്ചു...

ഇതൊരു വ്യക്തിയുടെയോ ഒരു കുടുംബത്തിന്റെയോ മാത്രം അവസ്ഥയല്ല...ലക്ഷദ്വീപിലെ എല്ലാ ദ്വീപിലുമുള്ള ഒരുപാട് കുടുംബങ്ങളുടെ അവസ്ഥയാണ്..കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് അന്നു മുതല്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി ഇവിടെ ലോക്കഡൗണാണ്...കര്‍ഫ്യൂയാണ്...യൊതൊരു തൊഴിലും എടുക്കാന്‍ പറ്റുന്നില്ല ..വരുമാനങ്ങളില്ല...ഉള്ള വരുമാനങ്ങള്‍ പിരിച്ചു വിട്ടതോടെ മുടങ്ങി..അതിനിടയില്‍ ടൗട്ടെ ചുഴലിക്കാറ്റ് വന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടായി..വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി...വളര്‍ത്തു മൃഗങ്ങളുടെ ആലകള്‍ പൊളിഞ്ഞു..മൃഗസംരക്ഷണ വകുപ്പ് പൂട്ടിയതിനാല്‍ തീറ്റ കിട്ടാതായി .അങ്ങനെ കോഴി, പശു, കാട വളര്‍ത്തി ഉപജീവനം കണ്ടെത്തുന്നവരും ബുദ്ധിമുട്ടിലായി..

സര്‍ക്കാര്‍ നാളിത് വരെ ഒരു ഭക്ഷ്യക്കിറ്റോ , ഫ്രീ റേഷനോ നല്‍കിയിട്ടില്ല..ടൗട്ടെ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കോ , ബോട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്കോ യാതൊരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ല...മത്സ്യത്തൊഴിലാളികളും കഷ്ടത്തിലാണ്...

ഈ അവസരത്തില്‍, സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല..ഇനിയുള്ള പ്രതീക്ഷ ഉദ്ദ്യോഗസ്ഥ സംഘടനകളിലും മറ്റ് സന്നദ്ധ സംഘടനകളിലുമാണ്...പ്രതിഷേധങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൂടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തേണ്ടത് ആവശ്യമാണ്..അവരും മനുഷ്യരാണ്..

ലക്ഷദ്വീപില്‍ നാളിത് വരെ പട്ടിണി മരണം സംഭവിച്ചിട്ടില്ല..പക്ഷേ ഈ അവസ്ഥ തുടര്‍ന്നാല്‍ അതിന് സാധ്യതയുണ്ടാവും.പരസ്പരം സഹായിച്ചു സഹകരിച്ചുമാണ് ആ പാവങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത് ..പക്ഷേ എത്രനാള്‍ ഇങ്ങനെ പരസ്പരം സഹായിക്കും ??

ശമ്പളം വാങ്ങുന്ന സ്ഥിരം ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി കുറച്ച് തുക മാറ്റി വെച്ചേ പറ്റൂ..എല്ലാം കലങ്ങിതെളിയും വരെ എങ്കിലും പിരിച്ചു വിട്ടവരുടെ കുടുംബങ്ങളെയും ലോക്ക്ഡൗണ്‍ മൂലം സ്വയം തൊഴിലെടുക്കാന്‍ പറ്റാതെ വരുമാനം നിലച്ച കുടുംബങ്ങളെയും ചേര്‍ത്ത് നിര്‍ത്തണം...എല്ലാദ്വീപിലുമുള്ള അത്തരം കുടുംബങ്ങളെ കണ്ടെത്തി പ്രതിമാസം ഒരു നിശ്ചിത തുക അവര്‍ക്ക് കൊടുക്കണം...ഈ കോവിഡ് പ്രതിസന്ധി കഴിയും വരെ എങ്കിലും

മുഹമ്മദ് ഖാസീം .എം.പി

കടമത്ത്‌. 


Full View


Similar News