തൃശൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാം ബാച്ച് സാക്ഷരതാ പരീക്ഷ മികവുത്സവം 2021 തൃശൂര്‍ ജില്ലയില്‍ 1600 പേര്‍ പരീക്ഷ എഴുതി. നവംബര്‍ 7 മുതല്‍ 14 വരെ തിയതികളില്‍ ജില്ലയിലെ വികസന /തുടര്‍വിദ്യാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഇതില്‍ 1368 പേര്‍ സ്ത്രീകളും 232 പേര്‍ പുരുഷന്‍മാരാണ്. 752 പേര്‍ എസ് സി വിഭാഗം, 10 പേര്‍ എസ് ടി, 64 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുമാണ്. 135 പേര്‍ പങ്കെടുത്ത ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. കുന്നംകുളം നഗരസഭയിലാണ് കുറച്ച് പേര്‍ പരീക്ഷ എഴുതിയത് (10 പേര്‍).
ജില്ലയില്‍ നടന്ന മികവുത്സവത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരാണ്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയത്. പല കേന്ദ്രങ്ങളിലും മധുര പലഹാരം നല്‍കിയാണ് പഠിതാക്കളെ വരവേറ്റത്. ചില സ്ഥലങ്ങളില്‍ തൊഴിലുറപ്പ് വേഷത്തില്‍ തന്നെയാണ് പഠിതാക്കള്‍ എത്തിയത്. ചിത്രങ്ങള്‍ കണ്ടും ചോദ്യങ്ങള്‍ ചോദിച്ചും നടത്തിയ മികവുത്സവം പഠിതാക്കള്‍ക്ക് പുതിയ അനുഭവമായി. എല്ലാ കേന്ദ്രങ്ങളിലും സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. ആകെയുള്ള 100 മാര്‍ക്കില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തല്‍ 10 മാര്‍ക്ക് വായന, എഴുത്ത്, കണക്ക് എന്നീ വിഭാഗങ്ങളില്‍ 30 മാര്‍ക്ക് വീതം എന്നിങ്ങനെയായിരുന്നു മാര്‍ക്ക് വിഭജനം.30 മാര്‍ക്കാണ് വിജയിക്കാനായി വേണ്ടത്. പരീക്ഷയോടൊപ്പം തന്നെ മൂല്യ നിര്‍ണ്ണയവും നടത്തി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് വിതരണം ചെയ്യും.