കുന്നംകുളം ഹൈടെക് പോലിസ് സ്‌റ്റേഷന്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2021-12-04 00:50 GMT

തൃശൂര്‍: കുന്നംകുളത്തെ ഹൈടെക് പോലിസ് സ്‌റ്റേഷന്‍ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എ സി മൊയ്തീന്‍ എംഎല്‍എ അറിയിച്ചു.

കുന്നംകുളം എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈടെക് പോലിസ് സ്‌റ്റേഷന്റെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എംഎല്‍എ യോടൊപ്പം ജില്ലാ പോലിസ് മേധാവി ആര്‍ ആദിത്യ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കുന്നംകുളം എ സി പി ടി എസ് സിനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു. സംസ്ഥാനത്താദ്യമായി എം എല്‍ എ ഫണ്ടില്‍ നിര്‍മിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്‌റ്റേഷന്‍ മൂന്ന് നിലകളിലായാണ് നിര്‍മിക്കുന്നത്. നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. എം എല്‍ എ എ സി മൊയ്തീന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കെ 2020ല്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചത്.

തൃശൂര്‍ റോഡിലുള്ള പഴയ പോലിസ് സ്‌റ്റേഷന്‍ പൊളിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ഹൈടെക് പൊലീസ് സ്‌റ്റേഷന് തറക്കല്ലിട്ടത്. എയര്‍ കണ്ടീഷന്‍, ലിഫ്റ്റ്, ടി വി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി, വാഹന പാര്‍ക്കിങ്, ഗാര്‍ഡന്‍, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്.

10, 500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈടെക് പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നത്. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മ്മാണ പ്രവൃത്തിയുടെ മേല്‍നോട്ടം നല്‍കിയിരിക്കുന്നത്. കുന്നംകുളം നഗരസഭ എന്‍ജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങളില്‍ മുഖ്യ സഹായം നല്‍കുന്നത്.

തൃശൂര്‍ റോഡിലെ പോലിസ് സ്‌റ്റേഷന്‍ പൊളിക്കല്‍ നടപടികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Similar News