ബിജെപിയും നിതീഷ് കുമാറും രണ്ട് തട്ടില്‍: ബീഹാറില്‍ ജാതി സെന്‍സസ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നിതീഷ്‌കുമാര്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ആവശ്യത്തെ പിന്തുണച്ച്, എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം ജാതി സെന്‍സസിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മെയ് 27ന് ജാതി സെന്‍സസ് സംബന്ധിച്ച് സര്‍വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും. തുടര്‍ന്ന് അതിന്റെ ഭാഗമായുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന മന്ത്രിസഭയുടെ മുമ്പാകെ അവതരിപ്പിക്കും. മെയ് 27ന് യോഗം വിളിക്കുന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ ചില കക്ഷികളുമായി സംസാരിച്ചു. ചിലര്‍ മറുപടി നല്‍കിയിട്ടില്ല. ഞങ്ങള്‍ കാത്തിരിക്കുകയാണ്. അന്തിമ തീരുമാനത്തിനു ശേഷം നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകും. തുടര്‍ന്ന് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും'- നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി ദേശീയതലത്തതില്‍ പ്രചാരണം നടത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി സെന്‍സസ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത്. നിതീഷ് കുമാറാകട്ടെ തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ ജാതി സെന്‍സസിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ജാതി സെന്‍സസിന് ബിജെപി എതിരാണെങ്കിലും താന്‍ മുന്നോട്ടുപോകുമെന്നാണ് നിതീഷിന്റെ നിലപാട്.
തങ്ങളുടെ പാര്‍ട്ടി സ്ഥാപകന്‍ ലാലു യാദവിനെതിരായ പുതിയ സിബിഐ റെയ്ഡും അഴിമതിക്കേസും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയോടുള്ള ബിജെപിയുടെ പ്രതികരണമാണെന്നാണ് തേജസ്വി യാദവ് ആരോപിക്കുന്നത്. നിതീഷ് കുമാറിനും ചില സന്ദേശങ്ങള്‍ കൈമാറാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നാണ് റെയ്ഡ് സൂചിപ്പിക്കുന്നതെന്നും ആര്‍ജെഡി പറഞ്ഞു.
ജാതി സെന്‍സസിന്റെ കാര്യത്തില്‍ ബിജെപി നിതീഷ് കുമാറിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു.