'45 ദിവസമായി ഉറക്കമില്ല'; ബജാജ് ഫിനാന്‍സ് ഏരിയാമാനേജര്‍ ജീവനൊടുക്കി

ജോലി സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയുമാണ് മരണകാരണം

Update: 2024-09-30 11:36 GMT

ലഖ്നൗ:ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബജാജ് ഫിനാന്‍സിലെ ഏരിയ മാനേജര്‍ തരുണ്‍ സക്സേന ആത്മഹത്യ ചെയ്തു. ജോലി സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയുമാണ് മരണകാരണം. ജോലിസ്ഥലത്തെ സീനിയര്‍മാര്‍ കഴിഞ്ഞ രണ്ട് മാസമായി വലിയ രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി തരുണ്‍ സക്സേന മരണക്കുറിപ്പില്‍ പറയുന്നു. ആരോപണങ്ങളോട് ബജാജ് ഫിനാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ വീട്ടുകാരാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ട് മക്കളെയും ഇയാള്‍ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

അഞ്ച് പേജുള്ള കത്തെഴുതി വച്ചാണ് തരുണ്‍ മരിച്ചത്. പരമാവധി ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താന്‍ കഴിയാത്തതിനാല്‍ താന്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണെന്നും കത്തിലുണ്ട്. ബജാജ് ഫിനാന്‍സ് ലോണുകളുടെ ഇഎംഐകള്‍ തന്റെ പ്രദേശത്ത് നിന്ന് ശേഖരിക്കാന്‍ തരുണിനെ ചുമതലപ്പെടുത്തിയിരുന്നു, എന്നാല്‍ നിരവധി പ്രശ്നങ്ങള്‍ കാരണം മതിയായ ടാര്‍ഗെറ്റ് നേടാന്‍ കഴിഞ്ഞില്ല. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സീനിയര്‍മാര്‍ തന്നെ അപമാനിച്ചതായി കത്തില്‍ പറയുന്നുണ്ട്.

''വര്‍ഷാവസാനം വരെ കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും തരുണ്‍ എഴുതി. 'നിങ്ങള്‍ എല്ലാവരും മേഘയെയും യാഥാര്‍ത്ഥിനെയും പിഹുവിനെയും പരിപാലിക്കുക. മമ്മീ, പപ്പാ, ഞാന്‍ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ ഇപ്പോള്‍ ആവശ്യപ്പെടുകയാണ്, എന്റെ കുടുംബത്തിന് സുഖമായി താമസിക്കാന്‍ വീടിന് രണ്ടാമത്തെ നില കൂടി നിര്‍മ്മിക്കണം'' കത്തില്‍ പറയുന്നു.

26 കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണത്തെ തുടര്‍ന്ന് തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് രാജ്യവ്യാപകമായി ചര്‍ച്ച നടക്കുന്നതിനിടയിലാണ് തരുണ്‍ സക്സേനയുടെ ആത്മഹത്യ.

Tags:    

Similar News