ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്

Update: 2025-03-26 16:03 GMT
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ തീവണ്ടി തട്ടിമരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്. അസ്വാഭാവികമായ എന്തെങ്കിലും മരണത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് പോലിസ് അറിയിച്ചു. തീവണ്ടി തട്ടുന്നതിന് മുമ്പ് മേഘ ഫോണില്‍ സംസാരിച്ചിരുന്നതായി ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ കോളുകളില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലിസ് പറയുന്നത്. അവസാന ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള്‍ മാത്രമെന്നും കണ്ടെത്തി.

പ്രണയനൈരാശ്യം മൂലമുണ്ടായ ആത്മഹത്യയാണ് സംഭവമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മേഘയുടെ ആണ്‍സുഹൃത്തായ ഐബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിച്ചു ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടിസ് നല്‍കും. കുടുംബത്തിന്റെയും വിശദമായ മൊഴിയും രേഖപ്പെടുത്തും. അതേസമയം, നാളെ കുടുംബം എമിഗ്രേഷന്‍ ഐബി ഓഫീസിലെത്തി വിശദമായ പരാതി നല്‍കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയാണ് മരിച്ച മേഘ. പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മേഘയെ കണ്ടെത്തിയത്. പത്തനംതിട്ട അതിരുങ്കല്‍ സ്വദേശി മധുസൂദനന്റെയും നിഷയുടെയും ഏക മകളായിരുന്നു. 13 മാസം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ചത്.

Similar News