മാനന്തവാടി: രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന ഒന്നേ കാല്‍ കോടിയുടെ സ്വര്‍ണം തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. സ്വര്‍ണം കടത്തിയ തൃശ്ശൂര്‍ നമ്പൂകുളം അനു ലാലിനെ (30) അറസ്റ്റ് ചെയ്തു. 2.366 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് റേഞ്ച് സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന കര്‍ണാടക ആര്‍ടിസി ബസിലാണ് അനു ലാല്‍ സഞ്ചരിച്ചിരുന്നത്. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
തുടര്‍നടപടികള്‍ക്കായി പ്രതിയേയും തൊണ്ടിമുതലും ജിഎസ്ടി വകുപ്പിന് കൈമാറി. പ്രിവന്റീവ് ഓഫിസര്‍മാരായ കെ പി ലത്തീഫ്, സജീവന്‍ തരിപ്പ, സിഇഒമാരായ വി രഘു, ശ്രീധരന്‍ കെ, വിജേഷ് കുമാര്‍ പി, ഹാഷിം, ദിനീഷ് എംഎസ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.