ബീഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍; മുകേഷ് സഹാനിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍ക്ക് നിതീഷ് കുമാറിന്റെ കത്ത്

Update: 2022-03-27 15:59 GMT

പട്‌ന; മുകേഷ് സഹാനിയെ ക്യാബിനറ്റ് മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഞായറാഴ്ച ഗവര്‍ണര്‍ ഫാഗു ചൗഹാനോട് ശുപാര്‍ശ ചെയ്തു. മുകേഷ് സഹാനിയെ മന്ത്രിപദവിയില്‍നിന്ന് പുറത്താക്കണമെന്ന്് ബിജെപി നിതീഷ് കുമാറിന് കത്ത് നല്‍കിയിരുന്നു. മുകേഷ് രാജിവയ്ക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

നിതീഷ് കുമാര്‍ കാബിനറ്റിലെ മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രിയാണ് മുകേഷ് സഹാനി. 

ബീഹാറില്‍ ബിജെപിയുടെയും ജനതാദള്‍ (യുണൈറ്റഡ്)ന്റെയും സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വിഐപി) തലവനാണ് സഹാനി.

സഹാനിയുടെ പാര്‍ട്ടിയില്‍ ആകെ നാല് എംഎല്‍എമാരാണ് ഉള്ളത്. മുകേഷ് സഹാനിയും രാജു സിംഗ്, മിശ്രി ലാല്‍ യാദവ്, സ്വര്‍ണ സിംഗ് എന്നിവരും. ഇതില്‍ സഹാനിയൊഴിച്ചുള്ളവര്‍ വിഐപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സഹാനി അതിന് തയ്യാറായില്ല. തുടര്‍ന്ന് ബിജെപി സഹാനിയോട് മന്ത്രി പദവി രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതോടെയാണ് മുഖ്യമന്ത്രി സഹാനിക്കെതിരേ ഗവര്‍ണറെ സമീപിച്ചത്.

മത്സ്യത്തൊഴിലാളികളെയും വകുപ്പിനെയും സഹാനി വഞ്ചിച്ചതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു. 

Tags:    

Similar News