കൊവിഡ് 19: പൊയ്യ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സാനിറ്റൈസര്‍- തുണി മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു
ആരോഗ്യ ജാഗ്രത 2020 സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പദ്ധതി പ്രകാരമാണ് ഇത്
മാള: വൈറസ് വ്യാപനം തടയുന്നതിന് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സാനിറ്റെസര്‍, തുണി മാസ്‌ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പൊയ്യ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ആരോഗ്യ ജാഗ്രത 2020 സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പദ്ധതി പ്രകാരമാണ് ഇത്.
ഐസോ പ്രൊപ്പെലിന്‍ ആല്‍ക്കഹോള്‍ 70 ശതമാനം, ഗ്ലിസറിന്‍, അലുവിറ ജെല്‍, ആല്‍മണ്ട് ഓയില്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഗുണമേന്മയുള്ള സാനിറ്റൈസറും കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ തയ്ച്ച് തയ്യാറാക്കുന്ന തുണി മാസ്‌കും ഉടന്‍ വിതരണം ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍നിന്ന് പൊട്ടിപുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിച്ച്, 5000ത്തില്‍പരം പേരുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മാസ്‌കുകളുടേയും സാനിറ്റൈസറുകളുടേയും ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ വഴി സാനിറ്റൈസര്‍ നിര്‍മാണം നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജി വിനോദ് പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരോജ വേണു ശങ്കര്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ വാമനന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി മോഡറേറ്ററായ പരിശീലനത്തിന് കുളിമുട്ടം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ഷെറിന്‍ പി ബഷീര്‍ നേതൃത്വം നല്‍കി.