ജനാധിപത്യ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം:മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഓച്ചിറ:ജനാധിപത്യം അപകടകരമായ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോള്‍ രാജ്യത്ത് ജനാധിപത്യം ശരിയായ ആശയത്തില്‍ നിലവില്‍ വരുന്നതിനും നിലനില്‍ക്കുന്നതിനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ്.ന്യൂനപക്ഷത്തെ കൂട്ടത്തില്‍ കൂട്ടി സഹകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാന്‍ അവരുടെ വിശ്വാസം ആര്‍ജിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന ചിന്ത ഭൂരിപക്ഷത്തിന് എപ്പോഴും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് തന്നെ പലപ്പോഴും വെല്ലുവിളികളായി മാറുമെന്നും മുഹമ്മദ് ഇസ്ഹാഖ് ഖാസിമി വ്ക്തമാക്കി.
ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉയര്‍ന്ന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ നിലനിന്ന് കാണുന്നതിനും സംരക്ഷിക്കുന്നതിനും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ദേശീയ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി അവറുകള്‍ നടത്തികൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ മതേതരത്വ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്ന് മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അഭ്യര്‍ത്ഥിച്ചു.സംസ്ഥാന ഓഫിസായ ഓച്ചിറ ദാറുല്‍ ഉലൂമില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ മൗലാനാ അബ്ദുശ്ശുകൂര്‍ ഖാസിമി ദേശീയ പതാക ഉയര്‍ത്തി. ജനാധിപത്യം എവിടെയാണുള്ളതെന്ന് ഗവേഷണം തന്നെ ആവശ്യമായി വന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സ്‌റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് മൗലാനാ അബ്ദുല്‍ ഗഫാര്‍ കൗസരി, ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി, ട്രഷറര്‍ ജലാലിയ്യ അബ്ദുല്‍ കരീം ഹാജി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം അബ്ദുസ്സലാം ഹുസ്‌നി,സംസ്ഥാന സമിതി അംഗം അബ്ദുസ്സമദ് ഹാജി, ദാറുല്‍ ഉലൂം ട്രസ്റ്റ് ട്രഷറര്‍ ഡോ ബദര്‍ അഹമ്മദ്, സ്‌റ്റേറ്റ് സെക്രട്ടറിമാരായ മുഫ്തി താരിഖ് അന്‍വര്‍ ഖാസിമി, ഇല്‍യാസ് ഹാദി,ദാറുല്‍ ഉലൂം മുദരിസ് മൗലാനാ മുഹമ്മദ് ഖാസിം ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.