പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം; വിമതനായി മല്‍സരിക്കുമെന്ന് മുഖ്യമന്ത്രിയുടെ സഹോദരന്‍
ഛണ്ഡീഗഢ്: തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം. മുഖ്യമന്ത്രിയുടെ സഹോദരന്‍ തന്നെയാണ് പ്രതിഷേധക്കൊടിയുയര്‍ത്തിയിരിക്കുന്നത്. ബാസ്സി പടന്ന മണ്ഡലത്തില്‍ നിന്ന് താന്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിക്കുമെന്ന് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിയുടെ ഇളയ സഹോദരന്‍ ഡോ. മനോഹര്‍ സിങ് പറഞ്ഞു.
ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നയത്തിന്റെ ഭാഗമായി സിങ്ങിന് പാര്‍ട്ടി ടിക്കറ്റ് നിരോധിച്ചിരുന്നു. ബസ്സി പടന്ന പഞ്ചാബിലെ പുആദ് മേഖലയിലാണ് ഉള്‍പ്പെടുന്നത്. ചന്നിയുടെ സ്വന്തം മണ്ഡലമായി അറിയപ്പെടുന്ന പ്രദേശവുമാണ്. സഹോദരന്റെ നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇതുവരെ പുറത്തുവിട്ടത്. അതനുസരിച്ച് ബാസ്സി പടന്നയില്‍ സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ് ആണ് മല്‍സരിക്കുക. അതാണ് മനോഹര്‍ സിങ്ങിനെ പ്രകോപിപ്പിച്ചത്.
ഗുര്‍പ്രീത് സിങിന് ടിക്കറ്റ് നല്‍കിയത് തന്നോടുള്ള അനീതിയാണെന്ന് മനോഹര്‍ സിങ് വിശേഷിപ്പിച്ചു.
പ്രദേശത്തെ നിരവധി പ്രമുഖര്‍ തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മനോഹര്‍ സിങ് പറഞ്ഞു. സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്താനാണ് തന്റെ നീക്കമെന്ന് അദ്ദേഹം അറിയിച്ചു.
ഖറാര്‍ സിവില്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസറായി രാജിവച്ചയാളാണ് ഡോ. മനോഹര്‍ സിങ്.
മണ്ഡലത്തിലെ കൗണ്‍സിലര്‍മാരെയും സര്‍പഞ്ചുമാരെയും കണ്ട ശേഷമാണ് മല്‍സരിക്കാനുള്ള തീരുമാനമെടുത്തത്.