തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന: അടുക്കള ഉള്‍പ്പെടെ വൃത്തിഹീനം; മാനേജരെ സസ്പെന്റ് ചെയ്തു
ഇങ്ങനെയൊക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നുമല്ല പോകാന്‍ പോകുന്നത്. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍, അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല, അതിനെ വച്ചു പൊറുപ്പിക്കുകയുമില്ല. ശക്തമായ നിലപാട് എടുക്കും.
തിരുവനന്തപുരം: തിരുവനന്തപുരം പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. തിരുവനന്തപുരത്തെ പിഡബ്ലിയുഡി റസ്റ്റ് ഹൗസുകളില്‍ തീരെ ശുചിത്വമില്ലെന്ന് കണ്ടെത്തിയ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ഇങ്ങനെ പോയാല്‍ മതിയെന്ന് വിചാരിച്ചാല്‍ വെച്ച് പൊറുപ്പിക്കില്ല. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. മാനേജര്‍ വിപിനെ സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
റസ്റ്റ് ഹൗസിലെ അടുക്കള ഉള്‍പ്പെടെ വൃത്തിഹീനമാണെന്ന് മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനേജരെ സസ്പെന്റ് ചെയ്തത്.
മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പൂര്‍ണരൂപം
'പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നത്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. എല്ലാ സ്ഥലവും പരിശോധിച്ചു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങള്‍. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, സി ഇ (ചീഫ് എന്‍ജിനിയര്‍ ) നടപടി സ്വീകരിക്കും. ഒരു നിലയിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന പ്രവണത അല്ല ഇത്. അതു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് മുന്നോട്ടു പോകും. ഇങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നും അല്ല പോകാന്‍ പോകുന്നത്. അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ല. ശക്തമായ നിലപാട് എടുക്കും. ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ തെറ്റായ പ്രചരണം നടത്തി സര്‍ക്കാര്‍ എടുക്കുന്ന നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി ഒരിക്കലും അംഗീകരിക്കില്ല'.