സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ മൗനം പാലിക്കുന്നു: രാഹുല്‍ ഗാന്ധി

Update: 2024-05-01 14:02 GMT

ന്യൂഡല്‍ഹി: ജെഡി (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാക്രമണ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്റെ ഭാഗമാകുന്നത് കുറ്റവാളികള്‍ക്കുള്ള സംരക്ഷണമാണോയെന്ന് രാഹുല്‍ ചോദിച്ചു.

കര്‍ണാടകയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളില്‍ എല്ലായ്‌പ്പോഴും നരേന്ദ്ര മോദി ലജ്ജാകരമായ മൗനം പാലിക്കുകയാണ്. എല്ലാം അറിഞ്ഞിട്ടും നൂറുകണക്കിന് പെണ്‍മക്കളെ ചൂഷണം ചെയ്ത പിശാചിന് വേണ്ടി അദ്ദേഹം എന്തിനാണ് വോട്ടിന് വേണ്ടി പ്രചാരണം നടത്തിയത്? ഇത്രയും വലിയ കുറ്റവാളി എങ്ങനെയാണ് രാജ്യത്ത് നിന്ന് ഇത്ര എളുപ്പത്തില്‍ രക്ഷപ്പെട്ടത്? ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും രാഹുല്‍ പറഞ്ഞു.

കൈസര്‍ഗഞ്ച് മുതല്‍ കര്‍ണാടക വരെയും, ഉന്നാവോ മുതല്‍ ഉത്തരാഖണ്ഡ് വരെയും പെണ്‍മക്കളോട് ക്രൂരത ചെയ്യുന്നവര്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന നിശബ്ദ പിന്തുണ രാജ്യത്തുടനീളമുള്ള കുറ്റവാളികള്‍ക്ക് ധൈര്യം നല്‍കുന്നതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണക്കും പിതാവും മുന്‍ മന്ത്രിയുമായ എച്ച്ഡി രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചു. അച്ഛനോടും മകനോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിക്കിടെ പിതാവും മകനും ചേര്‍ന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുന്‍ പാചകക്കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടിസ്. പ്രജ്വല്‍ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകള്‍ പുറത്തുവന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയുടെ പരാതിയിലെ കേസില്‍ സമന്‍സ് അയച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മരുമകനുമാണ് പ്രജ്വല്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രജ്വലിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെന്‍െ്രെഡവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെഡിഎസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബിജെപി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു.

Tags:    

Similar News