കൂടുതല്‍ പേരെ കൊറോണ ടെസ്റ്റിനു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകളോട് രാഹുല്‍ഗാന്ധി. കൊറോണ സംശയിക്കുന്നവരെ ക്രമരഹിതമായി (റാന്റം ടെസ്റ്റിങ്) തിരഞ്ഞെടുക്കുന്നതിനു പകരം ടെസ്റ്റ്ങ് വ്യാപകമാക്കണമെന്നാണ് നിര്‍ദേശം.
കൊറോണ രോഗബാധ തടയുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഈ നിര്‍ദേശം വച്ചത്. കേന്ദ്രം നിലവില്‍ കുറവ് ടെസ്റ്റ് നടത്തുകയെന്ന തന്ത്രത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. പകരം കൂടുതല്‍ പേരെ ടെസ്റ്റിങിന് വിധേയമാക്കണം. കൂടുതല്‍ പേരെ ടെസ്റ്റിനയച്ച രണ്ട് രാജ്യങ്ങളുടെ ഉദാഹരണം എടുത്തു കാട്ടിയ രാഹൂല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനോട് കൂടുതല്‍ വിദേശ സന്ദര്‍ശകരെത്തുന്ന പ്രദേശമെന്ന നിലയില്‍ സംസ്ഥാനത്ത് വ്യാപകമായി റാന്റം ടെസ്റ്റിങ് നടത്തണമെന്ന് നിര്‍ദേശിച്ചു. ഫുട്‌ബോളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിദേശികള്‍ എത്തുന്ന അജ്മീറിന്റെ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
''വേഗത്തില്‍ രോഗം കണ്ടെത്തിയാല്‍ വേഗത്തില്‍ രോഗപ്രസരണം ഒഴിവാക്കാം'' രാഹുല്‍ മുഖ്യമന്ത്രിമാരെ ഓര്‍മിപ്പിച്ചു.
കുറവ് ടെസ്റ്റ് ചെയ്യണമെന്ന കേന്ദ്ര നിലപാടിനെ രാഹുല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''വ്യാപകമായ ടെസ്റ്റിങ് ഇല്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. രാജ്യത്തിന്റെ ടെസ്റ്റിങ് ശേഷിയുടെ വലിയൊരു ശതമാനം ഇപ്പോഴും ഉപയോഗിക്കുന്നില്ല. ഇത്തരം തെറ്റായ തീരുമാനങ്ങള്‍ തിരുത്തണം.''-അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്‍ 95 മാസ്‌ക്കുകള്‍, ഹസ്മത്ത് സൂട്ടുകള്‍ തുടങ്ങിയവയും ചികില്‍സക്കാവശ്യമായ വെന്റിലേറ്ററുകള്‍ തുടങ്ങിയവയും കൂടുതലായി ഉല്‍പാദിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു.