പരസ്യത്തിനല്ല, കൊവിഡ് വാക്‌സിനും ഓക്‌സിജനും പണം ചെലവഴിക്കണമെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും അനാവശ്യപദ്ധതികളിലും പണം ചെലവഴിക്കാതെ ഓക്‌സിജനും കൊവിഡ് വാക്‌സിനും പണം മുടക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമാവുമെന്നും കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
''കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ പരസ്യത്തിനും അനാവശ്യപദ്ധതികളിലും പണം ചെലവഴിക്കുന്നതു നിര്‍ത്തി കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിലും ഓക്‌സിജന്‍ എത്തിക്കുന്നതിലും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായേക്കും. അത് നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാവണം. ഇപ്പോഴത്തെ ദുരിതങ്ങള്‍ അസഹ്യമാണ്''- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഓക്‌സിജന്‍ ഇല്ലാത്തതുമൂലം കൊവിഡ് രോഗികള്‍ കൊല്ലപ്പെടുന്നതിനെതിരേ രാഹുല്‍ നേരത്തെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലും യുപിയിലും ഓക്‌സിജന്റെ അപര്യാപ്ത മൂലം നിലവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഓക്‌സിജന്‍ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,46,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടക്കുന്നത്.
കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മാത്രം 2,624 പേര്‍ മരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. നാലു ദിവസമായി രണ്ടായിരത്തിന് മുകളിലാണ് മരണം. ആകെ 1,89,544 പേരാണ് ഇന്ത്യയില്‍ കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.
ഇതുവരെ 1,38,67,997 പേരുടെ രോഗമാണ് ഭേദമായി. 24 മണിക്കൂറിനിടെ 2,19,838 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 25,52,940 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയര്‍ന്നു.