ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ നിൽക്കാൻ സാധിക്കില്ല: കെ സുധാകരൻ

Update: 2024-06-12 16:29 GMT

കല്‍പറ്റ: രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് നില്‍ക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം ജനം സ്വീകരിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അദ്ദേഹം സഞ്ചരിച്ചത് ജനഹൃദയങ്ങളിലേറിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് രാഹുല്‍ എത്തിയെന്നും സുധാകരന്‍ കല്‍പറ്റയില്‍ പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പില്‍ ഒരേസമയം സന്തോഷിക്കുകയും വേദനിക്കുകയും ചെയ്യുന്നവരാണ് വയനാട്ടുകാരെന്ന് എനിക്കറിയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേട്ടത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ ഗാന്ധി വിജയിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ രാഹുല്‍ വയനാട് വിട്ടുപോകുന്നു എന്നറിയുമ്പോള്‍ ദുഃഖമുണ്ട്. ഇന്നു രാവിലെ വരുന്ന വഴി ഒരു സ്ത്രീ ഇക്കാര്യം എന്നോട് പറയുകയും ചെയ്തിരുന്നു. ഏതായാലും നമ്മുടെ മുന്നില്‍ ഒരു ഉയര്‍ച്ചയും വളര്‍ച്ചയും കാത്തിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോള്‍, ഇന്ത്യയിലെ കോടിക്കണക്കിനു ജനം അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞു എന്നാണര്‍ഥം. അദ്ദേഹത്തിന്റെ വ്യക്തിത്വം ജനം സ്വീകരിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അദ്ദേഹം സഞ്ചരിച്ചത് ജനഹൃദയങ്ങളിലേറിയാണ്. ഒരിക്കലും കോണ്‍ഗ്രസിനെയോ തന്നെയോ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല. സ്‌നേഹത്തിന്റെ നൂലിഴയാല്‍ ഇന്ത്യയുടെ ഹൃദയത്തെ ബന്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു മനുഷ്യന്‍ ഇന്ത്യയില്‍ വേറെയുണ്ടോ?

ഇന്ത്യയെ നയിക്കുന്നിടത്തേക്കാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അദ്ദേഹം എത്തിയിരിക്കുന്നു. ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നു നില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ നാം പ്രയാസപ്പെട്ടിട്ട് കാര്യമില്ല. അക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രിയപ്പെട്ട രാഹുല്‍ജിക്ക് എല്ലാ ഭാവുകങ്ങളും നേരുക' കെ സുധാകരന്‍ പറഞ്ഞു.

Tags:    

Similar News