രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം:എസ്എഫ്‌ഐ നേതാക്കളെ വിളിച്ചുവരുത്തി സിപിഎം;അച്ചടക്ക നടപടി ഉടന്‍ ഉണ്ടായേക്കും

അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം വിളിച്ചു വരുത്തിയത്

Update: 2022-06-25 05:04 GMT
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഎം വിളിച്ചുവരുത്തി. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം വിളിച്ചു വരുത്തിയത്. സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നു തന്നെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ 23 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി. ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 23 പേരാണ് പിടിയിലായത്. കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.നേരത്തെ ഓഫിസ് ആക്രമണത്തിന് പിന്നാലെ കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കില്ലെന്നും എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ ഇന്നലെ വൈകീട്ടും രാത്രിയുമായി വയനാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ഓഫിസ് സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്.എസ്എഫ്‌ഐ ആക്രമണത്തിനെതിരെ വയനാട്ടില്‍ വിപുലമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിയോടു കൂടെയാണ് പ്രതിഷേധ പരിപാടിയുണ്ടാവുക.

Tags:    

Similar News