രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം എല്‍ഡിഎഫ് കണ്‍വീനര്‍ മാപ്പ് പറയണം: എസ്ഡിപിഐ

Update: 2019-04-02 10:39 GMT

കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ മാപ്പ് പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. വനിതാ സ്ഥാനാര്‍ഥിയെ ആക്ഷേപിച്ച വിഷയത്തില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന മൗനം അപകടകരമാണ്. നവോത്ഥാനവും പുരോഗമനവാദവും പറയുന്ന സിപിഎമ്മിന്റെ കാപട്യമാണ് ഇതിലൂടെ വെളിവാകുന്നത്. വനിതാമതില്‍ പണിത് രാഷ്ട്രീയനേട്ടത്തിന് കപടവേഷം കെട്ടുന്ന സിപിഎം വനിതകളെ എങ്ങിനെയാണ് പരിഗണിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണം. മുമ്പ് മലമ്പുഴയില്‍ വി എസിനെതിരേ മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വളരെ മോശമായി സംസാരിച്ചതും ഇതിനോട് കൂട്ടിവായിക്കണം. ഇത് സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ നിലപാടിന്റെ ഭാഗമാണ്. സദാചാര ലംഘനത്തിന്റെ പേരില്‍ ആക്ഷേപങ്ങളും നടപടികളും നേരിട്ട അസംഖ്യം നേതാക്കള്‍ സിപിഎമ്മിന്റെ തലപ്പത്തുള്ളത് മുന്നണി കണ്‍വീനര്‍ മറന്നുപോവരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Similar News