മാതാവിന്റെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബന്ധുവും മാതാവും അറസ്റ്റില്‍
13ഉം 16ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്.
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗിക പീഡനത്തിനിരയാക്കിയ ബന്ധുവായ 54കാരനെയും സംഭവത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടികളുടെ മാതാവിനെയും പോക്‌സോ നിയമപ്രകാരം പരിയാരം പോലിസ് അറസ്റ്റ് ചെയ്തു. 13ഉം 16ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്.
2016 മുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് 28നും പീഡനത്തിന് ഇരയായി. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടികള്‍ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് അമ്മയുടെ അമ്മാവനായ പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
2016 വാടക വീട്ടില്‍ താമസിക്കവെ അവിടെ ചെന്നും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പോലിസിന് കൈമാറിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ഇരുവരും വിദ്യാര്‍ഥിനികളാണ്. കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും പോലിസിനെ അറിയിക്കുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൊവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.