മത നിയമങ്ങള്‍ മറച്ചു വെക്കാനുള്ളതല്ല: സുന്നി യുവജനവേദി
അനിവാര്യ ഘട്ടങ്ങളില്‍ ഒരേ പള്ളിയില്‍ തന്നെ ജുമുഅ നിസ്‌കാരം തവണകളായി നിര്‍വ്വഹിക്കുന്നത് മതത്തില്‍ അനുവദനീയവും അങ്ങിനെ നിര്‍വ്വഹിക്കപ്പെടാവുന്നതുമാണന്ന് ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി പറഞ്ഞു.
മലപ്പുറം: ലോക്ക് ഡൗണില്‍ ഇളവു നല്‍കി വിശ്വാസികള്‍ക്ക് പള്ളികളില്‍ എത്തി ആരാധന നിര്‍വ്വഹിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടും നിര്‍ബന്ധിത സാഹചര്യത്തില്‍ മതം അനുശാസിക്കുന്ന വിധം ഇളവുകള്‍ പാലിച്ച് ആരാധന നിര്‍വ്വഹിക്കാന്‍ മതവിശ്വാസികളെ വഴി നടത്തേണ്ടതിന്നു പകരം ഉത്തരവാദപ്പെട്ട പണ്ഡിത സംഘടനകള്‍ തന്നെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കു വഴങ്ങി മത നിയമങ്ങള്‍ മറച്ചു വെച്ച് വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത് ഏറെ ഖേദകരവും അപലപനീയവുമാണെന്ന് കേരള സുന്നി യുവജനവേദി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.
അനിവാര്യ ഘട്ടങ്ങളില്‍ ഒരേ പള്ളിയില്‍ തന്നെ ജുമുഅ നിസ്‌കാരം തവണകളായി നിര്‍വ്വഹിക്കുന്നത് മതത്തില്‍ അനുവദനീയവും അങ്ങിനെ നിര്‍വ്വഹിക്കപ്പെടാവുന്നതുമാണന്ന് ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി പറഞ്ഞു.
നൂറിലധികം പേര്‍ സമ്മേളിക്കുന്നിടത്ത് സര്‍ക്കാറിന്റെ കൊറോണ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ജുമുഅ നിര്‍വ്വഹണത്തിന് മതം അനുവദിച്ച ഈ രീതിയനുസരിച്ച് അത് നിര്‍വ്വഹിക്കാന്‍ മതവിശ്വാസികളോടും മഹല്ലുകളോടും ആഹ്വാനം ചെയ്യുകയായിരുന്നു പ്രബല പണ്ഡിത സംഘടനകള്‍ ചെയ്യേണ്ടിയിരുന്നത്.
അതിനു പകരം ഈ മത നിയമം മറച്ചുവയ്ക്കുകയും ജുമുഅക്ക് എത്തിപ്പെട്ട നൂറിനു പുറത്തുള്ള ആളുകളെ പള്ളികളുടെ ഗേറ്റ് അടച്ച് മടക്കി വിട്ട് വീട്ടില്‍ പോയി ളുഹ്‌റ് നിസ്‌കരിക്കാന്‍ പറയുകയും ചെയ്ത പ്രമുഖ പണ്ഡിത സംഘടനകളുടെ നിലപാട് മതപരമായി അംഗീകൃതമല്ല. നിര്‍ബന്ധമായ ആരാധനാ കര്‍മ്മങ്ങള്‍ ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിച്ചും ഭീതി രഹിതമായും നിര്‍വ്വഹിക്കാനുള്ള അവസരമുണ്ടായിട്ടും ഒറ്റയടിക്ക് എല്ലാം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് വിശ്വാസികളുടെ ജുമുഅ മുടക്കിയ നടപടി മത പാഠങ്ങള്‍ക്ക് നിരക്കാത്തതും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കലുമാണ്. ഉത്തരവാദപ്പെട്ട പണ്ഡിത സംഘടനകളുടെ ഇത്തരം നിലപാടുകള്‍ മത നിയമങ്ങളില്‍ വെള്ളം ചേര്‍ക്കലും വിശ്വാസികളെ വഞ്ചിക്കലുമാണന്നും വേദി അഭിപ്രായപ്പെട്ടു. മരുത അബ്ദുല്‍ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ ഖാലിദ് ഉസ്താദ് അധ്യക്ഷത വഹിച്ചു. പി ടി എസ് വഴിക്കടവ്, മുഹമ്മദ് അസ്‌ലം മൗലവി, ഇ എം മമ്മുട്ടി മുസ്‌ല്യാര്‍, സി കെ അബ്ദുല്‍ ഗഫൂര്‍, ടി മുഹമ്മദലി സംസാരിച്ചു.