കേരളത്തിനുള്ള അരിവിഹിതം വര്‍ധിപ്പിക്കണം; മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയലുമായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തിനുള്ള അരി വിഹിതം വര്‍ധിപ്പിക്കണമെന്നു മന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പിഎംജികെഎവൈ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന 5 കിലോ ഭക്ഷ്യധാന്യം സംസ്ഥാനത്തെ മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു. പ്രസ്തുത പദ്ധതി നിര്‍ത്തലാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഭക്ഷ്യധാന്യ വിതരണം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുകയാണ്.
പിഎംജികെഎവൈ പദ്ധതി നിര്‍ത്തലാക്കിയത് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് 3 രൂപ നിരക്കില്‍ നല്‍കിയിരുന്ന അരിയും 2 രൂപ നിരക്കില്‍ നല്‍കിയിരുന്ന ഗോതമ്പും സൗജന്യമാക്കിയത് സ്വാഗതാര്‍ഹമാണെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ വര്‍ധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
2016 നവംബറില്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം നിലവില്‍ വരുന്നതിന് മുമ്പ് പ്രതിവര്‍ഷം 16.25 ലക്ഷം മെട്രികി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ NFSA നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോള്‍ പ്രതിവര്‍ഷമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറയ്ക്കപ്പെട്ടു. NFSA നിയമം നടപ്പിലാക്കിയതിലൂടെ റേഷന്‍ വിതരണ സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനത്തെ 57% വരുന്ന ജനവിഭാഗത്തിന് നാമമാത്രമായെങ്കിലും അരി വിതരണം നടത്താന്‍ കഴിയുന്നത് കേന്ദ്രം അനുവദിച്ചു വരുന്ന ടൈഡ് ഓവര്‍ അരി വിഹിതത്തില്‍ നിന്നുമാണ്.
കേന്ദ്രം അനുവദിച്ചുവരുന്ന ടൈഡ് ഓവര്‍ അരി വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിലവില്‍ അനുവദിച്ചു വരുന്ന ടൈഡ് ഓവര്‍ വിഹിതം അപര്യാപ്തമായതിനാല്‍, 2 ലക്ഷം മെട്രിക് ടണ്‍ അരി കൂടി അധികമായി ടൈഡ് ഓവര്‍ വിഹിതത്തില്‍ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുകയും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുവാനുള്ള 405 കോടി രൂപ, ജങഏഗഅഥ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട 51.34 കോടി രൂപ, പഞ്ചസാര വിതരണത്തിന്റെ സബ്‌സിഡിയുമായി ബന്ധപ്പെട്ട ക്ലയിമുകള്‍ എന്നിവ ഉടന്‍ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ സമര്‍പ്പിച്ച രേഖകള്‍ പരിശോധനയിലാണെന്നും നടപടികള്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ തുകയും ഉടന്‍ ലഭ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ഭക്ഷ്യമന്ത്രി പറഞ്ഞു.