പന്തളത്തിന് പിന്നാലെ കരവാരം പഞ്ചായത്തിലും തമ്മിലടി; നിരവധി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നു
ബിജെപി ഭരിക്കുന്ന കരവാരം പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് സിപിഎമ്മില്‍ ചേര്‍ന്നത്
തിരുവനന്തപുരം: പന്തളം നഗരസഭയ്ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന കരവാരം പഞ്ചായത്തിലും തമ്മിലടി. തിരുവനന്തപുരം ജില്ലയിലെ കരവാരം പഞ്ചായത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ഭരണസമിതിയിലെ ഗ്രൂപ്പ് പോരില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് പാര്‍ട്ടിവിട്ടവര്‍ പറഞ്ഞു.
പഞ്ചായത്തില്‍ അഴിമതിയാണെന്ന് ആരോപിച്ച് സിപിഎം സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയത്.
അതേസമയം, പ്രതിപക്ഷം നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് സജീര്‍ രാജകുമാരിയെ സിപിഎം അകറ്റിനിര്‍ത്തിയതും വിവാദമായിട്ടുണ്ട്.
സമരത്തിന്റെ സമാപനയോഗം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ആര്‍ രാമു, ബി പി മുരളി, ജില്ലാ കമ്മറ്റിയംഗങ്ങളായ മടവൂര്‍ അനില്‍, ബി സത്യന്‍, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, ഓ എസ് അംബിക എംഎല്‍എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.