തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്‍ നായരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ മറ്റ് പ്രതികളില്ലെന്നാണ് നിലവിലെ അന്വേഷണത്തില്‍ നിന്ന് പോലിസ് അറിയിച്ചത്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പോലിസിന്റെ അടുത്ത നീക്കം. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ അപൂര്‍വമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പോലിസിന് ആശ്വാസമായിട്ടുണ്ട്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
അതേസമയം, പോലിസിന്റെ പല വാദങ്ങളും തള്ളി ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലിസിന് വീഴ്ചയുണ്ടായി. ഗ്രീഷ്മ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു. മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയ സമയത്ത് ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നുവെങ്കില്‍ ഷാരോണിനെ രക്ഷപ്പെടുത്താനാവുമായിരുന്നെന്ന് ഇവര്‍ വിശ്വസിക്കുന്നു.
കൊലപാതകം തെളിയും മുമ്പ് ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന രാമവര്‍മന്‍ചിറയിലെ നാട്ടുകാരും എതിരായതോടെ ഉടനടി പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പുണ്ടാവാനിടയില്ല. ഷാരോണിനെ കൊല്ലാനായി കഷായത്തില്‍ കലര്‍ത്തി നല്‍കിയ വിഷത്തിന്റെ സാംപിള്‍ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. താനൊറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് ഗ്രീഷ്മ സമ്മതിച്ചത്. എന്നാലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് പോലിസ് തള്ളിക്കളയുന്നില്ല. ഗ്രീഷ്മയുടെ മാതാപിതാക്കളെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല.