കെ പി ഒ റഹ്മത്തുല്ല
മലപ്പുറം : ആധുനിക ഗതാഗത സൗകര്യങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ്, നിരവധി ഇന്ത്യക്കാര്‍ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ണ്ണമായും കാല്‍നടയായാണ് നടത്തിയിരുന്നത്.കേരളത്തില്‍ നിന്നും ഒരുപാട് പേര്‍ ഇങ്ങനെ കാല്‍നടയായി പോയി ഹജ്ജ് ചെയ്തിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണിയായിരുന്ന 92 കാരനായ ഷൊര്‍ണ്ണൂരിലെ മുഹമ്മദ് ഹാജി 10 വര്‍ഷം മുന്‍പാണ് മരിച്ചത്. പിന്നീട് കപ്പല്‍ മാര്‍ഗമായിരുന്നു ഹജ്ജ് യാത്ര. അങ്ങോട്ടും ഇങ്ങോട്ടുമായി ഒരു മാസം വേണ്ടി വന്നിരുന്നു യാത്രയ്ക്ക്. ഇക്കാലത്ത് വിശ്വാസികള്‍ അത്തരമൊരു റിസ്‌ക് എടുക്കാറില്ല.
എന്നാല്‍ മലപ്പുറം ജില്ലയിലെ അതവനാടിനടുത്ത ചേലമ്പാടന്‍ ഷിഹാബ് ചോറ്റൂര്‍ എന്ന ഇരുപത്തിയൊമ്പത് കാരന്‍ സാഹസികമായി നടന്നു പോയി ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. 2023ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടക്കാനാണ് ഈ യുവാവ് ഒരുങ്ങിയിരിക്കുന്നത്. ജൂണ്‍ 2 വ്യാഴാഴ്ച വീട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. മക്കയിലേക്ക് കാല്‍നടയായി യാത്ര ചെയ്യാനുള്ള തീവ്രമായ ആഗ്രഹമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഷിഹാബ് തേജസിനോട് പറഞ്ഞു.
വാഗാ അതിര്‍ത്തി വഴി പാകിസ്താനില്‍ എത്തി ഇറാന്‍,ഇറാഖ്,കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുകയാണ് ചെയ്യുക. ഇതിനായി 5 രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജേഷ്ഠന്‍ മനാഫിനോടൊപ്പം ഒന്നര മാസത്തോളം ഡല്‍ഹിയില്‍ പോയി നില്‍ക്കേണ്ടി വന്നു. ഇ ടി മുഹമ്മദ് ബഷീറും,ഭാര്യ ഷബ്‌ന,കെഎംസിസി, ബന്ധു മിത്രാതികള്‍,നാട്ടുകാര്‍ എന്നിവരുടെയെല്ലാം സഹായം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
'ഞാന്‍ കാല്‍നടയായി പോയി ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് അതിനായി ഒരുങ്ങി പ്രവര്‍ത്തിച്ചു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ യാത്ര ആരംഭിക്കാന്‍ തയ്യാറാണ്. സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്‌ലിംകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യാന്‍ ബാധ്യസ്ഥരാണ്. ആരോഗ്യവാനായ എനിക്ക് കുറഞ്ഞ പക്ഷം 25 കിലോമീറ്റര്‍ എങ്കിലും ഒരു ദിവസം നടക്കാന്‍ കഴിയും. മണിക്കൂറില്‍ 7 കിലോമീറ്റര്‍ വരെ നടന്നിട്ടുമുണ്ട്. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ ധാരാളം ആളുകളുടെ പിന്തുണയുള്ളതിനാല്‍ ഇപ്പോള്‍ കാല്‍ നടയായി ഹജ്ജ് ചെയ്യാന്‍ ഞാന്‍ ഉറപ്പിച്ചിരിക്കുന്നു.'ശിഹാബ് പറഞ്ഞു.
വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ശിഹാബ് 10 കിലോ ഭാരമുള്ള ലഗേജും കൂടെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സ്ലീപ്പിംങ് ബാഗ്, നാല് ടീ ഷര്‍ട്ടുകളും ട്രൗസറുകളും ഒരു കുടയും ഇതില്‍ ഉള്‍പ്പെടും. യാത്രയിലുടനീളം, വഴിയില്‍ മുസ്‌ലിം പള്ളികളില്‍ നല്‍കുന്ന സൗജന്യ താമസവും ഭക്ഷണവും ഉപയോഗിക്കും. ഒമ്പത് മാസം മുമ്പാണ് യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയത്.
'യാത്രയ്ക്കിടെ എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സാമ്പത്തിക സഹായം ലഭിക്കാന്‍ എനിക്ക് യാത്രാ ഇന്‍ഷുറന്‍സ് എടുക്കേണ്ടി വന്നു, തുടര്‍ന്ന്, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് വിസ എടുക്കേണ്ടി വന്നു. ഞാന്‍ മിക്കവാറും എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു,' ശിഹാബ് പറയുന്നു.
ആറ് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സൗദി അറേബ്യയില്‍ എത്തിയാല്‍ 2023ലെ ഹജ്ജിന് ശിഹാബ് അപേക്ഷിക്കും.അല്ലാഹുവിന് വേണ്ടി മാത്രം ആത്മാര്‍ഥമായി ഹജ്ജ് നിര്‍വഹിക്കുന്നത് ഒരു വ്യക്തിയെ അവന്റെ മാതാവ് പ്രസവിച്ച നാളില്‍ ഉണ്ടായിരുന്നതുപോലെ പരിശുദ്ധനായി തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ആറ് രാജ്യങ്ങളിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിനെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തിയതായി ശിഹാബ് പറയുന്നു. എന്നാല്‍ ആ അനുഭവം പഠിക്കാന്‍ നേരത്തെ സാഹസിക യാത്ര നടത്തിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.എല്ലാവരും ഇതിനകം തന്നെ മരിച്ചു പോയിട്ടുണ്ട് ശിഹാബ് വിശദീകരിക്കുന്നു. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ നിന്ന് ഒരാള്‍ കാല്‍ നടയായി ഹജ്ജിന് പോകാന്‍ ഒരുങ്ങുന്നത്. ശിഹാബിനെ യാത്ര അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചോറ്റൂരിലെ നാട്ടുകാരും ബന്ധുക്കളും. മാതാപിതാക്കളായ സൈതലവി, സൈനബ എന്നിവരെല്ലാം മകന്റെ തീരുമാനത്തില്‍ ഏറെ സന്തോഷവാന്മാരാണ്.