കൊവിഡ്: ആറു ആഴ്ച പ്രായമുള്ള പിഞ്ച് കുഞ്ഞ് മരിച്ചു
യുഎസ് സംസ്ഥാനമായ കണക്റ്റിക്കട്ടില്‍നിന്നുള്ള ആറു ആഴ്ച പ്രായമുള്ള ശിശുവാണ് മരിച്ചത്.
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു.യുഎസ് സംസ്ഥാനമായ കണക്റ്റിക്കട്ടില്‍നിന്നുള്ള ആറു ആഴ്ച പ്രായമുള്ള ശിശുവാണ് മരിച്ചത്. വൈറസ് ബാധയേറ്റുള്ള ഏറ്റവും പ്രായം കുറഞ്ഞ മരണങ്ങളിലൊന്നാണ് ഇത്.
കഴിഞ്ഞദിവസമാണ് കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കണക്റ്റിക്കട്ടി ഗവര്‍ണര്‍ നെഡ് ലാമോണ്ട് പറഞ്ഞു.
നവജാതശിശുവിന് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്നും ലാമോണ്ട് പറഞ്ഞു.
'ഇത് തികച്ചും വേദനയുളവാക്കുന്നതാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കാരണം ലോകത്ത് മരണമടഞ്ഞവരില്‍ ഏറ്റവും പ്രായംകുറഞ്ഞതാണിതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് 19 അതിവേഗം പടരുകയാണ്. ഇതുവരെ 4,476 പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. കണക്റ്റിക്കട്ട് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പേരില്‍ കൊവിഡ് 19 വൈറസ് ബാധിച്ചത്.