'2014ല്‍ വിജയിച്ചു, 2024ലോ?'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പെയ്ത് നിതീഷ്‌കുമാര്‍

Update: 2022-08-10 13:44 GMT

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പെയ്ത് എട്ടാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നിതീഷ് കുമാര്‍. സത്യപ്രതിജ്ഞ ചെയ്ത് ഏറെ താമസിയാതെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പേരെടുത്ത് പരാമര്‍ശിക്കാതെ വെല്ലുവിളിച്ചത്. 2014ല്‍ വിജയിച്ചെങ്കിലും 2024ല്‍ അതാവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഒരു മല്‍സരത്തിനുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് 2024ല്‍ വിജയിക്കാനാവുമോയെന്നതാണ് ചോദ്യം- അദ്ദേഹം പറഞ്ഞു. അദ്ദേഹം ബീഹാറിനെയല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. ബീഹാറില്‍ 2025ലാണ് തിരഞ്ഞെടുപ്പ് നടക്കുക.

പുതിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 2024വരെ നിതീഷ് മുഖ്യമന്ത്രി കസേരയില്‍ തുടരാനാണ് സാധ്യത. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പ്രതിപക്ഷം ഇപ്പോഴും അനൈക്യത്തിലൂടെ കടന്നുപോവുകയും ചെയ്യുമ്പോള്‍ നിതീഷ് പ്രധാനമന്ത്രിസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നാണ് ഒരു വിഭാഗം കരുതുന്നത്. 'ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനായ മുഖ്യമന്ത്രി' നിതീഷ് കുമാറാണെന്ന് അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞതും ഈ വാദത്തെ ബലപ്പെടുത്തുന്നു. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു പ്രാദേശിക പാര്‍ട്ടി നേതാവായ മമത സഹപ്രവര്‍ത്തകര്‍ക്കെതിരേയുണ്ടായ അഴിമതി ആരോപണത്തോടെ പിന്തിരിഞ്ഞ മട്ടിലാണ്.

കോണ്‍ഗ്രസ്സിന് ഏറെ മുന്നോട്ടുപോകാനായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്കെതിരെ നിതീഷ് കുമാര്‍ മല്‍സരിച്ചേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ആവര്‍ത്തിക്കാറുളള പ്രമേയമാണ്. ആദ്യം ബിജെപിക്കൊപ്പം നീങ്ങിയ നിതീഷ് കുമാര്‍ ഇപ്പോള്‍ ആര്‍ജെഡിക്കൊപ്പമാണ് ഉള്ളത്. 2015ലും സമാനമായ സഖ്യമുണ്ടായിരുന്നു. അതു പൊളിച്ചാണ് അദ്ദേഹം ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നീക്കത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ പൊടുന്നനെയുളള നടപടിയെന്ന് പലരും വിലയിരുത്തുന്നു.

Tags:    

Similar News