കൊച്ചി: സ്വയംഭരണസ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉല്‍പ്പെട്ടവര്‍ നല്‍കിയ ആറ് ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് മരവിപ്പിച്ചത്. പത്ത് വര്‍ഷമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്നവരെ 'മാനുഷിക പരിഗണന' വച്ചാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ഹരജിക്കാര്‍ വാദിക്കുന്നു.
ഹരജി 12ാം തിയ്യതി വീണ്ടും പരിഗണിക്കും.
അതേസമയം ഇതോടകം സ്ഥിരപ്പെടുത്തല്‍ നടപ്പാക്കിയ തസ്തികകളില്‍ ഈ ഉത്തരവ് നിലനില്‍ക്കില്ല. ഇനിയും പൂര്‍ത്തീകരിക്കാത്തവ അടുത്ത ഉത്തരവ് വരുന്നതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
പിന്‍വാതില്‍ നിയമനത്തിന്റെ ഭാഗമായാണ് സ്ഥിരപ്പെടുത്തലെന്ന ആരോപണം കേരളത്തിലെ രാഷ്ട്രീയരംഗത്ത് വലിയ കൊടുങ്കാറ്റു തന്നെ അഴിച്ചുവിട്ടിരുന്നു.