സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി മാനേജ്‌മെന്റ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം; കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രവൃത്തികളുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രൊജക്ട് മാനേജ്‌മെന്റ് പോര്‍ട്ടല്‍ ekiran.kseb.in വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍, തെരഞ്ഞെടുത്ത ഡവലപ്പര്‍മാര്‍ എന്നിവരെ അണിനിരത്തി '100 ദിവസത്തിനുള്ളില്‍ 100 മെഗാവാട്ട്' എന്ന ലക്ഷ്യത്തോടെ പുരപ്പുറ സോളാര്‍ പ്ലാന്റ് നിര്‍മാണം നടന്നു വരുന്നു. 35,000 ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ സബ്‌സിഡിയില്‍ നിന്നുള്ള ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരങ്ങളില്‍ അധിക വൈദ്യുതി ആവശ്യകത നിര്‍വഹിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പഠന വിധേയമായ ഇടുക്കി രണ്ടാംഘട്ടം 800 മെഗാവാട്ട് വൈദ്യുതി പദ്ധതിയുടെ നിര്‍മാണം 2023ല്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായും മൂഴിയാറില്‍ 200 മെഗാവാട്ടിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പഠനങ്ങള്‍ നടന്നു വരുന്നതായും വൈദ്യുതി മന്ത്രി പറഞ്ഞു.