സംസ്ഥാനത്ത് ഓക്‌സിജന്‍ ജനറേറ്ററുകളുടെ എണ്ണം അറുപതായി വര്‍ധിപ്പിച്ചു; അധികമായി സംഭരിക്കുന്നത് 1,953 മെട്രിക് ടണ്‍ ഓക്‌സിജന്‍
തിരുവനന്തപുരം: കൊവിഡ് കാലത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ 1953.34 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്റര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 60 എണ്ണം ഈ സര്‍ക്കാര്‍ പ്രവര്‍ത്തനസജ്ജമാക്കി. ഒരെണ്ണത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ മേഖലയിലെ ഓക്‌സിജന്‍ ലഭ്യത 219.23 മെട്രിക് ടണ്ണില്‍ നിന്നും 567.91 മെട്രിക് ടണ്ണായി ഉയര്‍ത്താനും സാധിച്ചു. മുമ്പ് 6000 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 11,822 എണ്ണമാക്കി ഉയര്‍ത്തി. ലിക്വിഡ് ഓക്‌സിജന്‍ കപ്പാസിറ്റി 105 കെഎല്‍ ആയിരുന്നത് 283 കെ.എല്‍. ആക്കി. ഓക്‌സിജന്‍ ജനറേറ്ററിലൂടെയുള്ള ഓക്‌സിജന്‍ ലഭ്യത 1250 എല്‍പിഎമ്മില്‍ നിന്നും 2.34 മെട്രിക് ടണ്‍ ആയിരുന്നത് വര്‍ധിപ്പിച്ച് 50,900 എല്‍പിഎമ്മില്‍ നിന്നും 95.18 മെട്രിക് ടണ്ണാക്കാനും സാധിച്ചു.