റാനിയ സുലൈഖ
മൂന്നാം ലോക രാജ്യങ്ങളില്‍ ഒന്നായ, ദക്ഷിണേഷ്യയില്‍ സ്ഥിതിചെയ്യുന്ന ഡികൊളോണിയല്‍ പാരമ്പര്യമുള്ള രാജ്യത്തുനിന്നു സ്വത്വരാഷ്ട്രീയത്തിന്റെ പ്രസക്തിയെ കുറിച്ചു സംസാരിക്കുക എളുപ്പമാണെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കണം, ഇത് ഇന്ത്യ കൂടിയാണ്. അസ്ഥിത്വ പ്രഖ്യാപനങ്ങളെ അതിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ വര്‍ഗീയതയുടെ ചാപ്പകുത്തുന്ന അനേകായിരം 'നിഷ്പക്ഷരുടെ' നാടാണിത്.
ഹിന്ദു ഭൂരിപക്ഷമുള്ള ഭാരതത്തിലെ മതനിരപേക്ഷതയ്ക്കു ഹൈന്ദവ സ്വഭാവമുണ്ടാവുക സ്വാഭാവികമാണ്. ചരിത്രകാര•ാരായ പ്രിതം സിങ്, ശബ്‌നം തേജാനി തുടങ്ങിയവര്‍ വിമര്‍ശനാത്മകമായി ഈ വിഷയത്തെ സമീപിച്ചത് നമ്മള്‍ പലയാവര്‍ത്തി വായിച്ചതാണ്. അതുകൊണ്ട് ഒരുവേള ഇന്ത്യയിലെ പൊതുബോധത്തെ (പബ്ലിക് കോണ്‍ഷ്യസ്‌നെസ്സ്), സംഘബോധത്തെ, സംഘ്‌ബോധമായി* മനസ്സിലാക്കുന്നതിനെ പക്വതയെന്നു വിളിക്കാം. ഇന്ത്യന്‍ ദേശീയതയും ഹിന്ദു ഐക്യബോധവും ഇടകലര്‍ന്നാണ് നിലനില്‍പ്പ് സാധ്യമാക്കുന്നത് എന്നതു യാഥാര്‍ഥ്യമാണ്. 'കര്‍മയോഗ'യ്ക്ക് ആഹ്വാനം ചെയ്ത ബാലഗംഗാധര തിലക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളിയാണ് എന്നും ഓര്‍ക്കണം.
ചരിത്രം പരിശോധിച്ചാല്‍ ഇത്തരമൊരു ഹിന്ദു മണ്ഡലത്തിനെ സാധ്യമാക്കിയത് മുസ്‌ലിം ഇതര കൂട്ടങ്ങളുടെ ചേര്‍ത്തുവയ്പാണെന്നു മനസ്സിലാവും. വ്യത്യസ്ത ജാതിയിലുള്ള മനുഷ്യരെ പല തട്ടില്‍ പ്രതിഷ്ഠിച്ച ശേഷം ഒന്നിപ്പിക്കാന്‍ മുസ്‌ലിം എന്ന അപരനിര്‍മിതി അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ സ്വത്വ പ്രഖ്യാപനത്തിലേക്കു കടക്കേണ്ട ആവശ്യമില്ല, ഈ വിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ വര്‍ഗീയമാണ്. കാരണം, ജനനം കൊണ്ടുതന്നെ ഹിന്ദു അല്ലാതിരിക്കുക എന്ന കുറ്റം ഓരോ മുസ്‌ലിമും നിര്‍വഹിച്ചുകഴിഞ്ഞു. ജീവിതങ്ങള്‍ തന്നെ ദേശവിരുദ്ധമാവുന്നിടത്ത് അവരുടെ പ്രതിരോധങ്ങളെ കുറിച്ചു പറയേണ്ടതില്ലല്ലോ.
പ്രത്യക്ഷത്തില്‍ മുസ്‌ലിം ചിഹ്നങ്ങള്‍ പേറുന്ന ആളുകളില്‍നിന്ന്, ഇന്ന് 'എക്‌സ് മുസ്‌ലിമിനെ' വരെ വര്‍ഗീയതയുടെ പ്രതീകങ്ങളാക്കി മാറ്റുകയാണ്. വെറുക്കപ്പെടേണ്ടവരുടെ വലയം വലുതായി വരുകയാണ്.
ആവര്‍ത്തിച്ച് തെളിയിക്കേണ്ടി വരുന്ന ദേശസ്‌നേഹം
സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ അന്നുതൊട്ട് ഓരോ നിമിഷവും പാകിസ്താനിലേക്കു പോയ തങ്ങളുടെ കുടുംബക്കാരെ തള്ളിക്കളഞ്ഞു മതേതരനാവേണ്ട അമിതഭാരം പേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ രണ്ടാംകിട പൗരന്മാരാവുന്ന മുസ്‌ലിംകളുടെ ചോദ്യത്തെ ഒന്ന് സ്പര്‍ശിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ട ഗാന്ധിയും രോഹിതുമൊക്കെ നമുക്കു മുന്നിലുണ്ട്. ഏതു രാഷ്ട്രീയ സാഹചര്യത്തിലും ഇസ്‌ലാമിനു സാധ്യതകള്‍ തേടുന്നവരാണ് മുസ്‌ലിംകള്‍. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കുക പോലും 'ജിഹാദാ'യ ഒരു മതത്തിന് ഇന്ത്യന്‍ ഇരട്ടത്താപ്പില്‍ നിലനില്‍ക്കാന്‍ പറ്റിയിരുന്നു. എന്നാല്‍, വഞ്ചനയുടെ കൊടുമുടിയിലേക്കു ഭരണകൂടം മുസ്‌ലിം സമുദായത്തെ നടത്തിയത് തൊണ്ണൂറുകളിലാണെന്നു ഞാന്‍ പറയും. പള്ളി തകര്‍ക്കുക എന്ന സ്പഷ്ടവും പ്രത്യക്ഷവുമായ അടയാളം മുസ്‌ലിംകളുടെ സഹിഷ്ണുതയെയാണ് ചോദ്യം ചെയ്തത്. ബാബരിയാനന്തരമാണ് അടിച്ചേല്‍പ്പിക്കപ്പെടുന്ന വര്‍ഗീയ തലക്കെട്ടുകള്‍ സ്വാഭാവികമല്ലെന്ന തിരിച്ചറിവ് വലിയ അര്‍ഥത്തില്‍ സമുദായം കൈവരിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ പരസ്യമായി നടത്തുമ്പോള്‍ അതിനെ ആ പേരില്‍ തന്നെ വിളിക്കാനുള്ള ധീരവും വിവേകപൂര്‍ണവുമായ മുസ്‌ലിം നേതാക്കളുടെ നീക്കത്തെ പക്ഷേ, ഹിന്ദുത്വ തീവ്രവാദവുമായി സമീകരിച്ചുകൊണ്ടുള്ള ഹിംസയായിരുന്നു പിന്നീട് നടന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ജയ് ശ്രീറാമും പ്രതിരോധത്തിന്റെ ലാ ഇലാഹ ഇല്ലല്ലായും ഒന്നാക്കുന്ന കാഴ്ച. ബീഫ് നിരോധനത്തിനെതിരേ പോര്‍ക്ക് കഴിച്ചുകൊണ്ടുള്ള 'ബുദ്ധിജീവി' സമരങ്ങളായിരുന്നു കേരളത്തിലടക്കം അരങ്ങേറിയത്. തീര്‍ന്നില്ല, വംശഹത്യകളെ കലാപമെന്നു വിളിച്ചു ഭരണകൂടത്തിന്റെ സ്വാധീനത്തെ റദ്ദ് ചെയ്യുന്ന പ്രതിപക്ഷമുള്ള രാജ്യമാണിത്. ഇത്തരം 'കലാപങ്ങളാനന്തരം' നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളാണ് അതിനവര്‍ക്കു പ്രചോദനമെന്നു ചരിത്രം തെളിയിക്കുന്നുണ്ട്.
കലാപങ്ങളുടെ മറ്റൊരു സാധ്യത അതിലടങ്ങിയിരിക്കുന്നവരുടെ അപരിഷ്‌കൃത സ്വഭാവമാണ്. മുസ്‌ലിം സമുദായം തങ്ങളാല്‍ പരിഷ്‌കരിക്കപ്പെട്ടതാണെന്നും അതിനവര്‍ സ്വയം പര്യാപ്തമല്ലെന്നും വാദിക്കാന്‍ ഇതിലും മനോഹരമായ സന്ദര്‍ഭം മറ്റെന്താണ്?
രസകരമെന്തെന്നാല്‍ പുരോഗമന വക്താക്കളെ സംബന്ധിച്ചു മുസ്‌ലിം കുടുംബങ്ങള്‍ വിദ്യാഭ്യാസം ഇല്ലാത്തവരാവുമ്പോള്‍ തന്നെ ഉന്നത കലാലയങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നവരുമാണ്. ഇങ്ങനെ മുസ്‌ലിം ജീവിതങ്ങളുടെ കഥയും അതിന്റെ പിന്നിലെ ലക്ഷ്യങ്ങളും പൊതു മധ്യേ അവതരിപ്പിക്കാനുള്ള കര്‍തൃത്വം സ്വയം ഏറ്റെടുത്തവരില്‍നിന്നു സമുദായം മോചനം നേടിയ യാത്ര ഏറെ ഹൃദയഹാരിയാണ്.
ഹിജാബും പ്രതിരോധമാണ്
ഇത് എഴുതുന്നത് എന്നിലെ മുസ്‌ലിം സ്ത്രീയാണ്. അസ്തിത്വ സ്ഥാപനത്തിലൂടെ ഒരു മുസ്‌ലിം സ്ത്രീ സൃഷ്ടിക്കുന്നത് വേവലാതി പൂണ്ട് വിയര്‍ക്കുന്ന അനവധി കൂട്ടങ്ങളെയാണ്. അതില്‍ തന്നെ സ്വത്വം പ്രതിരോധത്തിനു മാര്‍ഗമായി തിരഞ്ഞെടുക്കുന്നവളുടെ വ്യവഹാരങ്ങള്‍ ഇനിയും നീളും. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പു നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും.
ഇന്ത്യന്‍ മുസ്‌ലിംകള്‍, അതില്‍ തന്നെ മുസ്‌ലിം സ്ത്രീകളുടെ വ്യക്തമായ സാന്നിധ്യവും നേതൃത്വവും കൊണ്ടു ചരിത്രം കുറിച്ച് ഒരു സമരത്തിന്റെ ഭാഗമായപ്പോള്‍ പലരും തങ്ങള്‍ക്കുണ്ടായ ആഭ്യന്തര സംഘര്‍ഷത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. ഹിജാബ് ധരിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നത് കൃത്യമായ രാഷ്ട്രീയം ആവുന്നിടത്ത് തെരുവില്‍ ഇറങ്ങേണ്ടത് അനിവാര്യമാണോയെന്ന്? പ്രത്യക്ഷത്തില്‍ അയുക്തമായ ചോദ്യമായി അനുഭവപ്പെടാമെങ്കിലും ചോദ്യകര്‍ത്താകള്‍ക്ക് അവരുടേതായ വാദങ്ങളുണ്ടായിരുന്നു. ജനനത്തിലൂടെ തന്നെ ശത്രുക്കളായി ഗണിക്കപ്പെടുന്ന സംഘപരിവാരത്തിനെതിരേ മുദ്രാവാക്യം വിളിച്ചിട്ട് വേണോ 'ഭാരത മണ്ണില്‍ ജീവിതം' നയിക്കുന്ന ഒരു മുസ്‌ലിം സ്ത്രീക്ക് സമരം ചെയ്യാന്‍?
എന്നാല്‍, കേവലം സാന്നിധ്യം കൊണ്ടുള്ള പ്രതിഷേധത്തിനപ്പുറം തെരുവിലെ പോരാട്ടങ്ങള്‍ മധുരപ്രതികാരം കൂടിയാണെന്ന് ഉള്‍ക്കൊണ്ടാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നേടാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഹിജാബ് ധരിച്ചും അല്ലാതെയുമുള്ള മുസ്‌ലിം സ്ത്രീ സമര ഭൂമികളിലെത്തുമ്പോള്‍, അതു പീഡനത്തെ രാഷ്ട്രീയ ആയുധമാക്കി ഗര്‍ഭപാത്രങ്ങളിലേക്കുപോലും ശൂലം കേറ്റാന്‍ ആഹ്വാനം ചെയ്യുന്ന ഭരണകൂടത്തോടുള്ള പ്രതികാരം ആവുന്നതെങ്ങനെയെന്നു വ്യക്തമാക്കേണ്ടതില്ലല്ലോ? എന്നാല്‍, അതിനുമപ്പുറം മറ്റുചില അധികാരശ്രേണിയെ കൂടി കുലുക്കാന്‍ പ്രാപ്തമാണ് അവളുടെ ശബ്ദം എന്നതു വ്യക്തമാണ്. തട്ടത്തിന്‍മറയത്തു നിന്നു മോചനം നേടിക്കൊടുക്കാന്‍ കഷ്ടപ്പെടുന്ന പുരോഗമന വക്താക്കള്‍ക്കു വിമോചനത്തെ പുനര്‍നിര്‍വചിച്ചുകൊണ്ടുള്ള മധുരപ്രതികാരം കൂടി സ്വാഭാവികമായി സാധ്യമാവുന്നു.
'സംസ്‌കാരശൂന്യമായ' ശഹീന്‍ബാഗും 'യാഥാസ്ഥിതികരായ' ജാമിഅയും മുസ്‌ലിം സ്ത്രീകളുടെ കര്‍തൃത്വം പൈതൃകമെന്നോണം സ്വയം ഏറ്റെടുത്ത കൂട്ടത്തെ തിരുത്തുന്നു. കേരളത്തിലെ 'കശ്മീര്‍' എന്നറിയപ്പെടുന്ന കാസര്‍കോട്ടും 'അപരിഷ്‌കൃതമായ' പൂന്തുറയുമൊക്കെ സ്ത്രീകളുടെ നിറസാന്നിധ്യം കൊണ്ടു ശ്രദ്ധ നേടുമ്പോള്‍ 'മലയാളി പുരോഗമന പൊതുബോധത്തോട്' മനോഹരമായി പ്രതികാരം വീട്ടുകയാണ്. ഇനി സമുദായത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം ഇല്ലാതിരുന്ന സംഘടനകള്‍ അവളെ അതിഥിയായി വിളിക്കുന്ന കാഴ്ചയും മനോഹരം തന്നെയാണ്.
അപ്പോഴും ലൈംഗിക വ്യവഹാരങ്ങളില്‍ മാത്രമായി മുസ്‌ലിം സ്ത്രീയെ പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയത്തെ കൃത്യമായി നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം പുരുഷനില്‍നിന്നു ഛേദിച്ചാല്‍, എന്നല്ല അവനെ എതിരായി പ്രതിഷ്ഠിച്ചാല്‍, മാത്രം കൈയടിക്കാന്‍ തയ്യാറാവുന്ന പ്രത്യേകതരം മുസ്‌ലിംസ്ത്രീ പിന്തുണക്കാരെ കാണാന്‍ സാധിക്കും. 'സുള്ളി ഡീലും' 'ബുള്ളി ബൈ'യുമൊക്കെ നിര്‍മിക്കുന്ന ഹിന്ദു പുരുഷബോധത്തെ തിരുത്താന്‍ മടിക്കുന്നവര്‍ പക്ഷേ, നാഴികയ്ക്കു നാല്‍പ്പത് വട്ടം ഇസ്‌ലാം വിമോചനത്തിലൂടെ സാധ്യമാവുന്ന സ്വാതന്ത്ര്യത്തിന്റെ ക്ലാസുകള്‍ തുടരുകയാണ്. മുസ്‌ലിം സ്ത്രീകള്‍ ഇനിയും ക്ലാസ് എടുക്കപ്പെടേണ്ടവരാണ് എന്ന അധികാരബോധത്തിനുള്ള മറുപടിയായി ഒരു സമര മുദ്രാവാക്യം തന്നെ ബാക്കിയുള്ളൂ.
തേരെ മേരെ റിഷ്ദാ ക്യാ
ലാ ഇലാഹ ഇല്ലല്ലാഹ്!
(* ഒരു സുഹൃത്തുമായുള്ള സംഭാഷണത്തില്‍ നിന്നു കിട്ടിയ ആശയം.)