കോഴിക്കോട്: ജനാധിപത്യത്തെയും ഭരണഘടനയെയും കാറ്റിൽപ്പറത്തി, പ്രബുദ്ധ കേരളത്തെ ഒന്നാകെ പരസ്യമായി വെല്ലുവിളിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ 'ഗോ ബാക്ക് 'വിളിയുമായി ജനം തെരുവിലിറങ്ങേണ്ട സമയം ആഗതമായിരിക്കയാണെന്നാണ് 'പ്രീതി'യുടെ പേരിലുള്ള അദ്ദേഹത്തിെൻറ ഒടുവിലത്തെ നീക്കങ്ങൾ മുന്നറിയിപ്പ് നൽകുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.
താൻ ജനിച്ചുവളർന്ന ഉത്തരേന്ത്യൻ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ജീർണമനോഗതിയും ആർ.എസ്.എസ് -സർസംഘ് ചാലകുമായുള്ള അടുപ്പവുമാണ് മാടമ്പി ചമയാൻ അദ്ദേഹത്തിന് പ്രചോദനമാകുന്നത്. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രീതി അല്ലാതെ രാജ്ഭവനിൽ കുടിയിരിക്കുന്നവരുടെ പ്രീതിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ബോധ്യപ്പെടുത്തേണ്ടി വന്നിരിക്കയാണ്. ഏതെങ്കിലും മന്ത്രിയോ കക്ഷി നേതാവോ അല്ല, ആർ.എസ്.എസ്സിന്റെ കുശ്നിയിൽ പണ്ടാരിപ്പണി ഏറ്റെടുത്ത ആരിഫ് ഖാനാണ് ഗവർണർ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കുന്നത്. ചട്ടമ്പിത്തരത്തിലൂടെ പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് മലയാള മണ്ണ് പതം വരുത്താനും ലക്ഷ്യമിട്ട് ഖാൻ നടത്തുന്ന ഏത് പിത്തലാട്ടവും പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.