നാളെ കാന്‍സര്‍ ദിനം: സംസ്ഥാനത്ത് പ്രതിവര്‍ഷം 60,000ത്തോളം പുതിയ രോഗികള്‍
തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്ബയുടെയും അനുഭാവത്തിന്റെയും പ്രതീകമായി 'ഓരോ വ്യക്തിയും കൂടെയുണ്ട്'-'കൂടെ പ്രവര്‍ത്തിക്കും' (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ് കാണുന്നത്. പ്രതിവര്‍ഷം 60,000 ത്തോളം രോഗികള്‍ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നുമാണ് ഇത് സംബന്ധമായ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കൊവിഡ് കാലത്തും കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഈ കൂട്ടരില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാലും രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കുന്നതിന് സാധ്യതയുള്ളതിനാലും യാത്ര ചെയ്യുന്നതിനോ കൃത്യമായി ചികിത്സ കേന്ദ്രങ്ങളില്‍ എത്തുന്നതിനോ സാങ്കേതികമായി ഇവര്‍ക്ക് സാധിച്ചിരുന്നില്ല. കൂടാതെ ലോക്ക് ഡൗണ്‍, റിവേഴ്‌സ് ക്വാറൈന്റീന്‍ കാരണം ചികിത്സ കേന്ദ്രത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുകയും ചികിത്സ മുടങ്ങാനുള്ള സാധ്യതയുണ്ടാവുകയും ചെയ്തു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.സി.സി.യുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലുള്ള ജില്ലാ കാന്‍സര്‍ കെയര്‍സെന്ററുകളുടെ സഹകരണത്തോടെ ആര്‍സിസിയില്‍ ലഭിക്കേണ്ട ചികിത്സ രോഗികള്‍ക്ക് അവരുടെ ജില്ലകളില്‍ ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്തു. ഇതിനായി ആര്‍.സി.സിയുടെയും ജില്ലാ കാന്‍സര്‍ കേന്ദ്രങ്ങളുടെയും ഡോക്ടര്‍മാരുടെയും കൂട്ടായ്മ ഉണ്ടാക്കുകയും ഓരോ രോഗിയുടെയും ചികിത്സാ വിവരങ്ങള്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകളിലുള്ള ഡോക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്തു.
ചികിത്സ ലഭിക്കേണ്ട ദിവസങ്ങളില്‍ രോഗികളെ വിവരം നേരിട്ട് അറിയിക്കുകയും ആര്‍.സി.സി.യില്‍ എത്തുന്നതിനു പകരം ആര്‍.സി.സി.യില്‍ ലഭിക്കുന്ന അതേ ചികിത്സ ഏറ്റവും അടുത്തുള്ള ജില്ല കേന്ദ്രങ്ങളില്‍ നല്‍കുന്നതിനും സംവിധാനം ഒരുക്കി. ഇതിലൂടെ ആയിരകണക്കിന് രോഗികള്‍ക്ക് കോവിഡ് കാലത്ത് സ്വന്തം ജില്ലയില്‍ ചികിത്സ തുടരുന്നതിനും രോഗം മൂര്‍ച്ഛിക്കാതെ സൂക്ഷിക്കാനുമായി. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള 24 സ്ഥാപനങ്ങളിലാണ് ഈ സേവനം ഉറപ്പാക്കിയിട്ടുള്ളത്. കീമോതെറാപ്പിക്ക് ആവശ്യമായ മരുന്നുകള്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും കൃത്യമായി എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഏകദേശം 25,000 പേര്‍ക്ക് ഈ കാലഘട്ടത്തില്‍ ചികിത്സ നല്‍കാന്‍ സാധിച്ചുവെന്നത് ഈ സംരഭത്തിന്റെ ഒരു വിജയമായി കണക്കാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.