തീവണ്ടി യാത്രക്കാര്‍ അര മണിക്കൂര്‍ നേരത്തെയെത്തണം; ഇതര സംസ്ഥാന യാത്രയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരുതണം

നാളെ മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നതും കേരളത്തിനകത്ത് യാത്രചെയ്യുന്നവര്‍ ഉള്‍പ്പെടെ വൈകി സ്റ്റേഷനിലെത്തുന്നതും കൊവിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ജില്ലാ കലക്ടറുടെ കര്‍ശന നിര്‍ദേശം.

Update: 2020-05-31 16:00 GMT

കോഴിക്കോട്: തീവണ്ടികളില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും യാത്രയുടെ അര മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്നും ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടുവരണമെന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. നാളെ മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നതും കേരളത്തിനകത്ത് യാത്രചെയ്യുന്നവര്‍ ഉള്‍പ്പെടെ വൈകി സ്റ്റേഷനിലെത്തുന്നതും കൊവിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ജില്ലാ കലക്ടറുടെ കര്‍ശന നിര്‍ദേശം.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ബസ്, ട്രെയിന്‍, വിമാനം എന്നിവ വഴി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളില്ലെന്നു കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നും കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്നും രേഖപ്പെടുത്തേണ്ടതാണ്. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കാണിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം.

ഇത്തരത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവര്‍ക്ക് അത് നിഷേധിക്കാതിരിക്കാന്‍ അതത് മെഡിക്കല്‍ ഓഫിസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. 

Tags:    

Similar News