യുഎപിഎ നിയമം അപകടമെന്ന് വരേണ്യരായ ജനാധിപത്യവാദികള്‍ക്ക് പോലും മനസ്സിലായി: ജെ ദേവിക
ഭീമകൊറേഗാവ് കേസില്‍ സുധാ ഭരധ്വാജിന് ജാമ്യം ലഭിച്ചു എന്നത് അഭിമാനിക്കാവുന്ന, പ്രതീക്ഷയുള്ള കാര്യമാണ്.
തിരുവനന്തപുരം: യുഎപിഎ എന്ന കരിനിയമം അപകടമെന്ന് വരേണ്യരായ ജനാധിപത്യവാദികള്‍ക്ക് പോലും മനസ്സിലായെന്ന് ഗ്രന്ഥകാരി ഡോ. ജെ ദേവിക. ജസ്റ്റിസ് ഫോര്‍ യുഎപിഎ പ്രിസണേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യുഎപിഎ നിയമത്തിനെതിരേ രാജ്യത്തെ വിരമിച്ച മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു ഫാഷിസത്തിന്റെ ടൂളായ വരേണ്യ വിഭാഗത്തിന് നേരെ തന്നെ ഈ നിയമം ഉപയോഗിക്കേണ്ടിവരും എന്നു വന്നപ്പോള്‍ അവരിലും പ്രശ്‌നമുണ്ടായിരിക്കുകയാണ്. വരേണ്യരായ ജനാധിപത്യ വാദികള്‍ക്ക് പോലും തങ്ങള്‍ക്കെതിരേ യുഎപിഎ നിയമം ഉപയോഗിക്കുമെന്ന് മനസ്സിലായി എന്നതാണ് കാര്യം.
പ്രത്യാശയുള്ള ഒരു നിമിഷത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. യുഎപിഎ കേസുകളില്‍ ജാമ്യം നല്‍കാനുള്ള വ്യവസ്ഥകളുണ്ടെന്ന് കോടതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി കൂട്ടക്കുരുതിക്കെതിരേ സംസാരിച്ചവര്‍ക്കെതിരേ ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീമകൊറേഗാവ് കേസില്‍ സുധാ ഭരധ്വാജിന് ജാമ്യം ലഭിച്ചു എന്നത് അഭിമാനിക്കാവുന്ന, പ്രതീക്ഷയുള്ള കാര്യമാണ്. എത്ര കഠിനമായ നിയമങ്ങള്‍ കൊണ്ടുവന്നാലും സത്യത്തിന്റെയും നീതിയുടേയും പക്ഷത്ത് നില്‍ക്കാന്‍ അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സാഹചര്യം. അതുപോലെ ജയിലില്‍ കഴിയുന്നവര്‍ക്കും ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
2018ന് ശേഷം വ്യക്തികള്‍ക്കെതിരേ, പോലിസിന് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക്് നേരെ യുഎപിഎ ചുമത്തുന്നതായി സുപ്രിംകോടതിയില്‍ വന്ന റിട്ട് പെറ്റിഷനില്‍ സൂചിപ്പിക്കുന്നുണ്ട്. കുറ്റവാളികളല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആ റിട്ടില്‍ പറയുന്നു.
ആഗോള ലിബറലുകള്‍ ദക്ഷിണ ഭാഗത്തെ രാജ്യങ്ങളിലെ ജനങ്ങളെ രണ്ടായി വിഭജിച്ച് കൊണ്ടിരിക്കുന്നു. നല്ലകുട്ടികളും ചീത്തകുട്ടികളെന്നുമാണ് ഈ വിഭജനം. ചെറുവായ്പയില്‍ പെടുന്ന, സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകളിലുള്ള ദരിദ്ര സ്ത്രീകളാണ് നല്ല കുട്ടികള്‍. ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്ന ആദിവാസികളും ദലിതുകളും മുസ്‌ലിംകളുമാണ് ചീത്തക്കുട്ടികള്‍.
ജനങ്ങളുടെ ഇച്ഛയെ ഫാഷിസ്റ്റ് രീതിയില്‍ മാറ്റിമറിക്കുകയാണ്. വ്യക്തികളെയാണ് ഫാഷിസം ഇപ്പോള്‍ ടാജറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വ്യക്തികളെ ടെററിസ്റ്റാക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണ് യുഎപിഎ നിയമം. 2018ലെ ഭേദഗതിയിലൂടെ ഈ നിയമം നൂറു ശതമാനം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി മാറിയെന്നും അവര്‍ പറഞ്ഞു.
നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിച്ചു. യുപി ജയിലില്‍ കഴിയുന്ന പന്തളം സ്വദേശി അന്‍ഷാദിന്റെ ഭാര്യ മുഹ്‌സിനയും മക്കളും പ്രതിഷേധ മാര്‍ച്ചില്‍ സംബന്ധിച്ചു.
പ്രതിഷേധത്തില്‍ സിപി ജോണ്‍, ഗ്രോവാസു, മാഗ്ലിന്‍ പീറ്റര്‍, പിഎ പൗരന്‍, സജീദ് ഖാലിദ്, സിപി ബഷീര്‍, പികെ ഉസ്മാന്‍, എഎം നദ് വി, പിഇ ഉഷ, തുഷാര്‍, ഷബീര്‍ ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.