മാള: കേസില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊതുസ്ഥലത്ത് കൂട്ടിയിടുന്നത് ശല്യമാവുന്നുവെന്ന് നാട്ടുകാര്‍ക്ക് പരാതി

Update: 2022-06-09 13:59 GMT

മാള: മാള പോലിസ് സ്‌റ്റേഷന് മുന്നിലും സൈഡ് റോഡിലും വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ കാട് കയറി നശിക്കുന്നതിനൊപ്പം വിവിധ മരങ്ങള്‍ വളരുന്നിടങ്ങളായും മാറുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന റോഡാണിത്. മാള മാള പോലിസ് സ്‌റ്റേഷന് മുന്നിലൂടെ പോകുന്ന കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോള്‍ ഭയമാണ്. സ്‌റ്റേഷന് മുന്നിലെ വ്യാപാരി കള്‍ക്കും സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കും വരെയുണ്ട് ഈ ഭയം.

പോലിസിനെ ഇങ്ങനെ ഭയക്കേണ്ടതുണ്ടോ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സ്‌റ്റേഷന് മുന്നില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളടക്കം കാടുകയറിക്കിടക്കുന്നതിനാല്‍ വല്ല പാമ്പെങ്ങാനും ഉണ്ടോകുമോയെന്നതാണ് ഭയം. റോഡിനോട് ചേര്‍ന്നായതിനാലാണ് ഏറെ ഭയക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയെ പാമ്പ് കടിച്ചപ്പോള്‍ നാടാകെ വിപുലമായ ശുചീകരണമാണ് നടന്നത്. എന്നാല്‍, നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നടന്നുപോകുന്ന സ്‌റ്റേഷന് മുന്നിലെ റോഡരികിലെ കാടുകയറിയ ഭാഗത്ത് പരിസ്ഥിതിദിനത്തിലും മാറ്റമൊന്നും വരുത്താനാരും തയ്യാറായില്ല. 

പോലിസ് സ്‌റ്റേഷന്റെയും മുന്നിലെ വ്യാപാരസ്ഥാപനങ്ങളുടെയും കാഴ്ച മറയ്ക്കുന്ന നിലയിലാണ് കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങളില്‍ കാടുകയറിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണിങ്ങിനെ നശിക്കുന്നത്. 

Similar News