വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിനോദിനി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. നേരത്തെ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഇടപാടിന് കോഴയായി നല്‍കിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്.
സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഫോണുകള്‍ ഒരേ ഹോള്‍സേല്‍ കടയില്‍ നിന്നാണ് വാങ്ങിയത്. വിനോദിനി വാങ്ങിയത് തിരുവനന്തപുരം കവടിയാറിലെ കടയില്‍ നിന്നും സന്തോഷ് വാങ്ങിയത് സ്റ്റാച്യുവില്‍ നിന്നുമാണ്. ഈ രണ്ട് ഫോണും സ്‌പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് വിതരണം ചെയ്തത്.
മൊത്തവിതരണക്കാരന്‍ വിവരങ്ങള്‍ നല്‍കിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.