പൊതുയിടം തന്റേതും എന്ന മുദ്രാവാക്യവുമായി മാളയില്‍ നടത്തവും വനിതാ കൂട്ടായ്മയും
മാള: പൊതുയിടം തന്റേതും എന്ന മുദ്രാവാക്യവുമായി രാത്രിയെ പകലാക്കി മാളയിലേക്ക് നടത്തവും വനിതാ കൂട്ടായ്മയും നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ആശയം ഉയര്‍ത്തിയാണ് മാളയില്‍ രാത്രിനടത്തം നടന്നത്. സംസ്ഥാന ശിശു വികസന വകുപ്പ്, ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്തും മാള ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് രാത്രി 10 മണിയോടെ സമീപ പ്രദേശങ്ങളില്‍ നിന്ന് നടന്നെത്തിയ സ്ത്രികളുടെയും കുട്ടികളുടെയും കൂട്ടായ്മ മാള ടൗണില്‍ സംഘടിപ്പിച്ചത്. 250 ത്തിലധികം സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ ലിംഗസമത്വത്തിന് വേണ്ടി ജാഗ്രതയോടെ മുന്നേറണമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് ഒ സി രവി, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്‍, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോസ് മാഞ്ഞൂരാന്‍, ജിജു മാടമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.