അഫ്ഗാനില്‍ ഇതുവരെ സംഭവിച്ചത് അഥവാ കഥ ഇതുവരെ

Update: 2021-08-16 10:43 GMT

അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചു. കാബൂൾ നഗരത്തില്‍ എമ്പാടും താലിബാന്‍ സൈനികര്‍ യുദ്ധം കഴിഞ്ഞ ക്ഷീണം തീര്‍ക്കുകയാണ്. മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇതുവരെ കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന കാബൂള്‍ ഒരുതുള്ളി ചോര പൊടിയാതെയാണ് അടിയറവ് പറഞ്ഞത്.

ഞായറാഴ്ച ഉച്ചയോടെയാണ് കാബൂള്‍ നഗരത്തിലേക്ക് താലിബാന്‍ കടന്നുകയറിയത്. ഏറെ താമസിയാതെ പ്രസിഡന്റ് അഷ്‌റഫ് ഖാനി രാജ്യം വിട്ടു. എവിടേക്കാണ് അദ്ദേഹം നാടുവിട്ടതെന്ന കാര്യം വ്യക്തമല്ല.

മറ്റു രാജ്യങ്ങള്‍ എന്തുപറയുന്നു?

അഫ്ഗാന്‍ നേതാവ് രാജ്യം വിട്ടതോടെ അഫ്ഗാനില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന യുഎസ് എംബസി തങ്ങളുടെ പക്കലുള്ള മുഴുവന്‍ രേഖകളും നശിപ്പിച്ചു. എംബസിയുടെ റൂഫ് ടോപ്പിലേക്ക് ഹെലിക്കോപ്റ്റര്‍ ഇറക്കിയാണ് എംബസി ഉദ്യോഗസ്ഥരെ മാറ്റിയത്. അവരാരും രാജ്യം വിട്ടിട്ടില്ലെങ്കിലും കുറച്ചുകൂടെ സുരക്ഷിതമായ മറ്റൊരു നഗരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

കാബൂളിലെ എംബസി കെട്ടിടത്തില്‍ ഏതാനും അഫ്ഗാനികള്‍ മാത്രമാണ് ഉള്ളത്. തല്‍ക്കാലം യുഎസ് എംബസി കാബൂള്‍ വിമാനത്താവളത്തില്‍ ചുരുക്കം ഉദ്യോഗസ്ഥരെ വച്ച് പ്രവര്‍ത്തിക്കുകയാണ്.

താലിബാന്‍ കാബൂളിലെത്തിയതോടെ അഫ്ഗാനിസ്താനില്‍നിന്ന് പലായനം ചെയ്യാനാഗ്രഹിക്കുന്നവര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തി. യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിത പാതയൊരുക്കാനെത്തിയ യുഎസ് സൈനികരും ഇതേ വിമാനത്താവളത്തിലുണ്ട്. 1000 പേരെ അധികമായയച്ചുവെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നതെങ്കില്‍ മറ്റു ചില വാര്‍ത്തകളില്‍ അത് 5000ആണ്.

കാബൂള്‍ വിമാനത്താവളത്തില്‍ യാത്രികരുടെ എണ്ണം വര്‍ധിച്ചതോടെ യുഎസ് സൈനികര്‍ തോക്കെടുത്തുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത വന്നിട്ടുണ്ട്. തിരക്ക് കൂടിയതോടെ സൈനികര്‍ തോക്കെടുക്കുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി പലായനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

താലിബാന്റെ മുന്നേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പന്ത്രണ്ടോളം രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താന പുറത്തുവന്നു. താലിബാന്‍ നേതൃത്വവുമായി യുഎസ് നേതൃത്വം സംസാരിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ സുരക്ഷിത യാത്രയുടെ ഭാഗമാണ് ചര്‍ച്ചയെന്ന് പറയുന്നു.

യുഎസ്സിനു പുറമെ ജര്‍മനി കൂടുതല്‍ സൈനികരെ കാബൂളിലെ എംബസിലിലേക്ക് അയച്ചു. എംബസിയില്‍ അത്യാവശ്യകാര്യങ്ങള്‍ മാത്രമാണ് നടക്കുന്നത്.

ഡെന്‍മാര്‍ക്ക് തങ്ങളുടെ എംബസിലെ രണ്ട് വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. എങ്കിലും എംബസി പ്രവര്‍ത്തനം തുടരും. തങ്ങളുടെ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാനികള്‍ക്ക് ഡെന്‍മാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തു.

സ്‌പെയിന്‍ അഫ്ഗാന്‍കാരായ വിവര്‍ത്തകരെയും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. അവരുടെ പുതിയ അംബാസിഡര്‍ ഇതുവരെയും സ്ഥലത്തെത്തിയിട്ടില്ല.

ഇറ്റലി യുഎസ്സുമായി കൂടിയാലോചനയിലാണ്. ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നോര്‍വെ കാബൂള്‍ എംബസി അടച്ചുപൂട്ടി.

സ്വീഡന്‍ കഴിയാവുന്നിടത്തോളം കാലം എംബസി പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപിച്ചു.

ഫിന്‍ലന്‍ഡ് എംബസി തുറന്നുപ്രവര്‍ത്തിക്കും. എംബസിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക് റെസിഡന്‍ഷ്യല്‍ വിസ നല്‍കും.

ഇന്ത്യ കാബൂള്‍ എംബസി ഏത് സമയത്തും അടച്ചുപൂട്ടും. രണ്ട് വിമാനങ്ങളാണ് വിമാനത്താവളത്തില്‍ തയ്യാറായിക്കിടക്കുന്നത്. അത്തരമൊരു നിര്‍ദേശം എയര്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്.

ചൈന താലിബാനുമായി സൗഹൃദം പാലിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള നയങ്ങള്‍ നോക്കിയായിരിക്കും റഷ്യ താലിബാന്‍ സര്‍ക്കാരിന് അംഗീകാരം നല്‍കുക. റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍ താലിബാനുമായി ചര്‍ച്ച നടത്തി.

താലിബാന്‍ എന്തുപറയുന്നു?

അഫ്ഗാനിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നാണ് താലിബാന്‍ പറയുന്നത്. മുതിര്‍ന്ന താലിബാന്‍ നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.

മുജാഹിദീനുകളെ സംബന്ധിടത്തോളം ഈ ദിവസം സുപ്രധാനമാണ്. ഇരുപത് വര്‍ഷമായി അവരുടെ ത്യാഗങ്ങള്‍ക്ക് ഫലമുണ്ടായി. ദൈവത്തിന് നന്ദി. താലിബാന്‍ രാഷ്ട്രീയകാര്യ ഓഫിസര്‍ മുഹമ്മദ് നഈം പറഞ്ഞതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ലോകത്തുനിന്ന് ഒറ്റപ്പെട്ട് ജീവിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അക്കാര്യം മുഹമ്മദ് നഈം വ്യക്തമാക്കുകയും ചെയ്തു. അവര്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിന് പ്രാധാന്യം നല്‍കാനും തീരുമാനിച്ചു.

ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും രാജ്യം സ്വതന്ത്രമായെന്നും താലിബാന്‍ അറിയിച്ചു. തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിടാന്‍ ആരെയും അനുവദിക്കില്ല. ആരെയും പീഡിപ്പിക്കുകയുമില്ല- നഈം പറയുന്നു.

തങ്ങളുടെ പോരാളികളോട് ക്ഷമയോടെ കാത്തിരിക്കാന്‍ താലിബാന്‍ നേതാവും സഹ സ്ഥാപകനുമായ അബ്ദുള്‍ ഘാനി ബറാദാര്‍ ആഹ്വാനം ചെയ്തു. ഇത് അക്കാര്യം തെളിയിക്കുന്നതിനുള്ള സമയമാണ്. രാജ്യത്തെ സേവിക്കുക. സുരക്ഷയൊരുക്കുക, ജനജീവിതം സുഖകരമാക്കുക- അദ്ദേഹം തന്റെ സാമൂഹിക മാധ്യമ കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തുനിന്ന് പോകുന്നവരെയോ പലായനം ചെയ്യുന്നവരെയോ ആക്രമിക്കില്ലെന്ന് താലിബാന്‍ പറയുന്നു. മുന്‍ കാലത്ത് അവുടെ ഭാഗമായി ജീവിച്ചിരുന്നവര്‍ക്ക് രാജ്യം വിടാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് പൊതുമാപ്പും പ്രഖ്യാപിച്ചു.

ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന പേരാണ് രാജ്യത്തിന് സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ ആരുടെയും സ്വകാര്യ സ്വത്തായ ഭൂമി, വാഹനം, കെട്ടിടം വ്യാപാരസ്ഥാപനം എന്നിവ കൈയടക്കില്ലെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപിച്ചു.

ഇസ്‌ലാമിക് എമിറേറ്റ്‌സിന്റെ കീഴിലുള്ള പ്രദേശങ്ങളിലുള്ളവര്‍ സാധാരണ ജീവിതം നയിക്കണമെന്ന് നിര്‍ദേശം നല്‍കി. പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക, സാംസ്‌കാരിക മേഖലിയിലുള്ളവര്‍, എംബസി ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സുരക്ഷിതമായ ജീവിതം വാഗ്ദാനം ചെയ്തു.

സത്രീകളെ മാനിക്കുമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശം ഉണ്ടാകുമെന്നും താലിബാന്‍ പറയുന്നു. ഹാജാബ് ധരിക്കണമെന്ന് നിര്‍ബന്ധമാണ്.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിന് അനുമതിയുണ്ടാവും. പക്ഷേ, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുത്.

വിദേശികള്‍ക്ക് രാജ്യം വിടണമെങ്കില്‍ അനുമതി ലഭിക്കും. തുടരണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

അഫ്ഗാന്‍ പാരമ്പര്യത്തിനും ഇസ്‌ലാമിക നിയമത്തിനും അനുസരിച്ചായിരിക്കും ഭരണമെന്ന് താലിബാന്‍ നേതാവ് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്ത്രീകളെ ജോലി സ്ഥലത്തുനിന്ന് തിരിച്ചയച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. താലിബാന്‍ അത് നിഷേധിച്ചു.

Similar News